27 June, 2024 09:24:50 AM
നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഹസാരിബാഗ് സ്കൂൾ പ്രിൻസിപ്പലിനെ ചോദ്യം ചെയ്ത് സി.ബി.ഐ
ഹസാരിബാഗ്: നീറ്റ് മെഡിക്കൽ എൻട്രൻസ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സി.ബി.ഐ സംഘം ഝാർഖണ്ഡിലെ ഹസാരിബാഗ് സ്കൂളിലെത്തി പ്രിൻസിപ്പലിനെ ചോദ്യം ചെയ്തു. ഹസാരിബാഗ് നീറ്റ്-യു.ജി ജില്ല കോഓഡിനേറ്റർ കൂടിയായിരുന്ന ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ ഡോ. ഇഹ്സാനുൽ ഹഖിനെയാണ് മണിക്കൂറുകളോളം ചോദ്യം ചെയ്തത്.
തുടർ അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തെ ഹസാരിബാഗിലെ ഛഢിയിലേക്ക് കൊണ്ടുപോയി. മുതിർന്ന മാനേജ്മെന്റ് പ്രതിനിധിയെ ഇവിടെനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്കൂളിലുണ്ടായിരുന്ന ദേശീയ ടെസ്റ്റിങ് ഏജൻസി നിരീക്ഷകൻ, സെന്റർ സൂപ്രണ്ട് എന്നിവരും സംശയ നിഴലിലാണെന്ന് അധികൃതർ അറിയിച്ചു.
12 അംഗ സി.ബി.ഐ സംഘം ചൊവ്വാഴ്ചയാണ് ഹസാരിബാഗിലെത്തിയത്. സംഘത്തിലെ എട്ടുപേർ ബുധനാഴ്ച സ്കൂളിലെത്തി. മറ്റുള്ളവർ ജില്ലയിൽ ചോദ്യപേപ്പർ സൂക്ഷിച്ച സ്റ്റേറ്റ് ബാങ്ക് ശാഖയിലുമെത്തി. ജൂൺ 21ന് ബിഹാർ പൊലീസ് ഝാർഖണ്ഡിലെ ഡിയോഘർ ജില്ലയിൽനിന്ന് ആറുപേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്നു.