28 June, 2024 09:45:25 AM
ഡൽഹി വിമാനത്താവളത്തിന്‍റെ മേൽക്കൂര അടർന്നു വീണു; ഒരാൾ മരിച്ചു, 8 പേർക്ക് പരിക്ക്
ന്യൂഡൽഹി: ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ടാക്സി ഡ്രൈവറാണ് മരിച്ചത്. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. അപകടത്തില്‍ നിരവധി കാറുകളാണ് തകർന്നത്. വിമാനത്താവളത്തിൻ്റെ ഒന്നാം ടെർമിനലിലായിരുന്നു അപകടം നടന്നത്. ഇരുമ്പ് ബീം വീണ കാറിനുള്ളിൽ കുടങ്ങിയ ആളെ രക്ഷപ്പെടുത്തി. പുലർച്ചെ 5.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. കനത്ത മഴ തുടരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
അപകടത്തെ തുടർന്ന് വിമാനത്താവളം ഭാഗികമായി അടച്ചു. ടെർമിനൽ ഒന്നിൽ നിന്നുള്ള ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. ടെർമിനൽ ഒന്നുവഴി രണ്ടുമണിവരെ വിമാന സർവീസ് ഉണ്ടാകില്ലെന്നും രണ്ട്, മൂന്ന്, ടെർമിനൽ വഴി വിമാന സർവീസുകൾ നടത്താനാണ് ശ്രമമെന്നും അധികൃതർ അറിയിച്ചു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. അപകടത്തിൽ വിമാനത്താവളത്തിലെ ടെർമിനലിൻ്റെ പിക്കപ്പ് ആൻഡ് ഡ്രോപ്പ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. റൂഫ് ഷീറ്റും സപ്പോർട്ട് ബീമുകളും തകർന്നതായി അധികൃതർ പറഞ്ഞു.
ഇന്ന് പുലർച്ചെ മുതൽ ഉണ്ടായ കനത്ത മഴയെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൻ്റെ പഴയ ഡിപ്പാർച്ചർ ഫോർകോർട്ടിലെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നതായി വിമാനത്താവളത്തിൻ്റെ ഔദ്യോഗിക പ്രസ്താവനയിലാണ് അറിയിച്ചത്. 'അപകടത്തിൽ പരിക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായവും വൈദ്യസഹായവും നൽകുന്നതിന് വേണ്ടി എമർജൻസി ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ട്. അപകടത്തെ തുടർന്ന് ടെർമിനൽ ഒന്നിൽ നിന്നുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷാ നടപടിയുടെ ഭാഗമായി ചെക്ക്-ഇൻ കൗണ്ടറുകൾ അടച്ചിട്ടു. സംഭവത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു, എന്തെങ്കിലും അസൗകര്യം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു,' പ്രസ്താവനയിൽ പറയുന്നു.
സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ജരാപ്പു പ്രതികരിച്ചു. ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്ന സംഭവം വ്യക്തിപരമായി നിരീക്ഷിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും കേ മന്ത്രി പറഞ്ഞു.