03 July, 2024 11:46:53 AM


ബാബ ചവിട്ടിയ മണ്ണ് ശേഖരിക്കാൻ തിക്കും തിരക്കും കൂട്ടി; ഹത്രാസ് ദുരന്ത ഭൂമിയായത് ഇങ്ങനെ



ലഖ്‌നൗ: തിക്കിലും തിരക്കിലും പെട്ട് ഹത്രാസില്‍ 121 പേര്‍ മരിച്ച സംഭവത്തില്‍ സത് സംഘ് സംഘാടകര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. 80,000 ആളുകള്‍ക്ക് മാത്രം അനുമതിയുള്ള പരിപാടിയില്‍ രണ്ടരലക്ഷം പേര്‍ പങ്കെടുത്തതായും പൊലീസ് പറയുന്നു. ജഗത് ഗുരു സാകര്‍ വിശ്വഹരിക്കെതിരെ പരാതിയുണ്ടെങ്കിലും അദ്ദേഹത്തിന്റെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഹത്രാസിലെ സിക്കന്ദ്രറാവു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുല്‍റായ്ക്കടുത്ത് കാണ്‍പുര്‍ - കൊല്‍ക്കത്ത ഹൈവേയിലായിരുന്നു ദുരന്തം. റോഡിന് ഇടതുവശത്തുള്ള വയലിനു സമീപത്താണു പ്രഭാഷണത്തിനു വേദി ഒരുക്കിയത്. തലേ ദിവസം മഴ പെയ്തിരുന്നതിനാല്‍ വയലില്‍ വഴുക്കല്‍ ഉണ്ടായിരുന്നു. മതപ്രഭാഷണം അവസാനിപ്പിച്ചു മടങ്ങുകയായിരുന്ന ഗുരുവിന്റെ കാലിനടിയിലെ മണ്ണു ശേഖരിക്കാന്‍ അനുയായികള്‍ തിരക്കുകൂട്ടിയതാണു ഹത്രാസില്‍ വന്‍ അപകടത്തിനു കാരണമായതെന്ന് എഫ്‌ഐആറില്‍ പറയുന്നു. സംഘാടകര്‍ ആളുകളുടെ എണ്ണം മറച്ചുവച്ചതിനാല്‍ അത്രയും പേരെ നിയന്ത്രിക്കാനാവശ്യമായ പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. പ്രസംഗം കഴിഞ്ഞ് പ്രഭാഷകന്‍ കടന്നുപോകുകയും ചെയ്തു. അതിന് പിന്നാലെയാണ് അപകടം ഉണ്ടായത്. പൊലീസിനും ഭരണകൂടത്തിനും ക്ലീന്‍ ചിറ്റ് നല്‍കുന്നതാണ് എഫ്‌ഐആര്‍.

സത് സംഘിന്റെ സംഘാടകരായ ദേവപ്രകാശ് മധുകറിന്റെയും മറ്റ് സംഘാടകരുടെയും പേരുകളാണ് എഫ്‌ഐആറില്‍ ഉള്ളത്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 105 (മനഃപൂര്‍വമല്ലാത്ത നരഹത്യ), തുടങ്ങി വിവധ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

80,000 പേര്‍ക്ക് മാത്രം അനുമതി ഉണ്ടായിരുന്നിടത്താണ് രണ്ടരലക്ഷം ആളുകളെ പങ്കെടുപ്പിച്ചത്. 80,000 പേര്‍ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൊലീസ് നല്‍കി. എന്നാല്‍ അനുമതി ലംഘിച്ച് ആളുകള്‍ എത്തുകയായിരുന്നു. അപകടം ഉണ്ടായതിന് പിന്നാലെ പൊലീസ് സാധ്യമായതെല്ലാം ചെയ്തുവെന്നും എന്നാല്‍ സംഘാടകര്‍ സഹകരിച്ചില്ലെന്നും പരിപാടിക്കെത്തിയവരുടെ എണ്ണം മറച്ചുവയ്ക്കാന്‍ ഭക്തരുടെ ചെരുപ്പുകള്‍ സമീപത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞെന്നും എഫ്‌ഐആറില്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K