06 July, 2024 11:51:08 AM
ലീവ് കിട്ടാത്തതിൽ മനോവിഷമം; 22കാരനായ അഗ്നിവീര്‍ ഡ്യൂട്ടിക്കിടെ ആത്മഹത്യ ചെയ്തു

ലഖ്നൗ: ഉത്തര്‍പ്രദേശ് ബാലിയ സ്വദേശിയായ അഗ്നിവീര്‍ ഡ്യൂട്ടിക്കിടെ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ശ്രീകാന്ത് കുമാര്‍ ചൗധരിയാണ്(22) ചൊവ്വാഴ്ച രാത്രി ആഗ്രയിലെ എയർഫോഴ്സ് സ്റ്റേഷനില്‍ ജീവനൊടുക്കിയത്. ആഗ്രയിലെ എയർഫോഴ്സ് സ്‌റ്റേഷനില്‍ ജീവനക്കാര്‍ കുറവായതിനാല്‍ അവധി ലഭിക്കാത്തത് ശ്രീകാന്തിനെ വിഷമിപ്പിച്ചെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍ നൽകുന്ന സൂചന.മൃതദേഹം കുടുംബത്തിന് കൈമാറി. വ്യാഴാഴ്ച വൈകിട്ട് ശ്രീകാന്തിന്‍റെ ജന്‍മദേശമായ നാരായണ്‍പൂരില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസറും ഷാഗഞ്ച് പൊലീസ് സ്റ്റേഷൻ്റെ ഇന്‍-ചാര്‍ജുമായ അമിത് കുമാർ പ്രതികരിച്ചു. പരാതി ലഭിച്ചാല്‍ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.2022ലാണ് ശ്രീകാന്ത് ഇന്ത്യൻ വ്യോമസേനയില്‍ (ഐഎഎഫ്) ചേർന്നത്. ശ്രീകാന്തിന്‍റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്താൻ അന്വേഷണ ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.