06 July, 2024 05:48:49 PM


കെഎസ്ഇബി ഓഫീസ് ആക്രമിച്ച യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു



കോഴിക്കോട്: തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമിച്ചവരുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ ഉത്തരവ്. കെഎസ്ഇബി ചെയർമാനാണ് അക്രമികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ ഉത്തരവിട്ടത്. യൂത്ത് കോൺഗ്രസ് നേതാവ് അജ്മൽ, സഹോദരൻ ഷഹദാദ് എന്നിവരുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിക്കാനാണ് നിർദ്ദേശം. 

കെഎസ്ഇബിയുടെ ചരിത്രത്തിലാദ്യമായാണ് അക്രമത്തിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിക്കുന്നത്. ഓഫീസ് ആക്രമണത്തിൽ അസിസ്റ്റൻറ് എൻജിനീയർ ഉൾപ്പെടെ നാലുപേർക്ക് മർദ്ദനമേറ്റിരുന്നു. ഓഫീസിനുളളിൽ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കെഎസ്ഇബി വിലയിരുത്തൽ. ബിൽ അടക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം ഉണ്ടായത്. ആക്രമണത്തിൽ കെഎസ്ഇബിക്ക് ഉണ്ടായ നഷ്ടം നികത്തിയാൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്ന കാര്യം ആലോചിക്കാമെന്ന് കെഎസ്ഇബി ചെയർമാൻ വ്യക്തമാക്കി. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.   

യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവാണ് തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസിൽ കയറി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട അജ്മൽ. ബില്ലടയ്ക്കാത്തിനെ തുടർന്ന് വൈദ്യതി കണക്ഷൻ വിച്ഛേദിച്ചതാണ്  ആക്രമണത്തിന് കാരണം. കമ്പ്യൂട്ടറുകളും ഉപകരണങ്ങളും തകർത്ത് ജീവനക്കാരുടെ ദേഹത്ത് പഴകിയ ഭക്ഷണ സാധനങ്ങളും ഒഴിച്ചു. 

കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റാണ് അജ്മൽ. ബില്ലടക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം അജ്മലിന്റെ വീട്ടിലേക്കുള്ള വൈദ്യതി ബന്ധം വിച്ഛേദിച്ചിരുന്നു. ഓൺലൈനായി ബില്ലടച്ച അജ്മൽ ഉടൻ കണക്ഷൻ പുനർസ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ ഇല്ലാത്തതിനാൽ സാധിച്ചിരുന്നില്ല. കണക്ഷൻ പുനർസ്ഥാപിക്കാനായി  ഇന്നലെ വീട്ടിലെത്തിയ ജീവനക്കാരുമായി വാക്കറ്റവും കയ്യാങ്കളിയുമുണ്ടായി. ജീവനക്കാർ പൊലീസിൽ പരാതിയും നൽകി. ഇതിൽ പ്രകോപിതനായാണ് ഇന്ന് രാവിലെ ഓഫീസ് ആക്രമിച്ചത്.  
 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K