09 July, 2024 10:48:35 AM


വീട്ടിൽ നിധിയുണ്ടെന്ന് വീട്ടമ്മയെ വിശ്വസിപ്പിച്ചു, സ്വർണ്ണം തട്ടിയെടുത്തു; വ്യാജ സിദ്ധൻ പിടിയിൽ



പാലക്കാട്‌: വീട്ടിൽ നിധിയുണ്ടെന്ന് പറഞ്ഞ് സിദ്ധൻ ചമഞ്ഞ് സ്വർണ്ണം തട്ടിയ പ്രതി പിടിയിൽ. നിധി പൊങ്ങി വരാൻ കയ്യിലുള്ള സ്വർണ്ണം നൽകണമെന്ന് ആവശ്യപ്പെട്ട് സ്വർണം തട്ടിയെടുക്കുകയായിരുന്നു. തെക്കുംകര സ്വദേശി റഫീഖ് മൗലവിയാണ് പിടിയിലായത്. നെല്ലായ സ്വദേശിയായി വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. മാർച്ച് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വർണ്ണം നൽകിയിട്ടും നിധി ലഭിക്കാതായത്തോടെ വീട്ടമ്മ പരാതി നൽകുകയായിരുന്നു. ഫേസ്ബുക്ക് വഴിയാണ് വീട്ടമ്മ റഫീഖിനെ പരിചയപ്പെട്ടത്. തുടർന്ന് വീട്ടിൽ നിധി ഉണ്ടെന്നും എടുത്ത് തരാമെന്ന് റഫീഖ് വീട്ടമ്മയോട് പറഞ്ഞു. അതിനായി വീട്ടലുള്ള സ്വർണം മാറ്റണമെന്ന് ഇയാൾ‌ വീട്ടമ്മയ്ക്ക് നിർദേശം നൽകി.

സ്വർണം മാറ്റാൻ ഒരു ദൂതന പറഞ്ഞുവിടാമെന്നും റഫീഖ് പറഞ്ഞിരുന്നു. ഇതിൽ വിശ്വസിച്ച വീട്ടമ്മ റഫീഖ് പറഞ്ഞ ദൂതന്റെ കൈയിൽ കൊടുത്തുവിടുകയായിരുന്നു. എന്നാൽ ദൂതനായി എത്തിയത് റഫീഖ് തന്നെയായിരുന്നു. ഏഴ് ദിവസത്തിന് ശേഷം സ്വർണം പൊങ്ങി വരുമെന്നായിരന്നു വീട്ടമ്മയോട് പറഞ്ഞിരുന്നത്. ഏഴ് ദിവസം കഴിഞ്ഞിട്ടും സ്വർണം പൊങ്ങിവരാത്തതിനെ തുടർന്ന് റഫീഖിനെ ബന്ധപ്പെട്ടു. ഇയാളുടെ ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു. തുടർന്നായിരുന്നു തട്ടിപ്പ് മനസിലാകുന്നത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇന്നലെയാണ് പ്രതിയെ പിടികൂടിയത്. 10 വർഷം മുൻപ് സമാനമായ കേസ് പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K