15 July, 2024 05:37:44 PM
രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം; മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് നടപടി.
നിരവധി രോഗികള്‍ എത്തുന്ന ഒപിയുടെ അടുത്തുള്ള ലിഫ്റ്റാണ് തകരാറിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ നായര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. രോഗി ലിഫ്റ്റില്‍ കുടുങ്ങിയ വിവരം ആരും അറിഞ്ഞില്ല. തിങ്കളാഴ്ച രാവിലെ 6 മണിയോടെ ലിഫ്റ്റില്‍ കുടുങ്ങിയ നിലയില്‍ രവീന്ദ്രന്‍ നായരെ കണ്ടെത്തുകയായിരുന്നു.
രണ്ടു രാത്രിയും ഒരു പകലുമാണ് രവീന്ദ്രൻ നായർ ലിഫ്റ്റിൽ കുടുങ്ങിയത്. ശനിയാഴ്ച്ച രാവിലെയാണ് നടുവേദനയ്ക്ക് ചികിത്സ തേടി മെഡിക്കൽ കോളജിലെ ഓർത്തോവിഭാഗത്തിൽ രവീന്ദ്രൻ നായർ എത്തിയത്. ഒന്നാം നിലയിലേയ്ക്ക് പോകാൻ വേണ്ടി രവീന്ദ്രൻ നായർ ലിഫ്റ്റിൽ കയറിയ സമയത്താണ് ലിഫ്റ്റ് പ്രവർത്തന രഹിതമായത്. ലിഫ്റ്റിലുണ്ടായിരുന്ന ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുത്തില്ലെന്ന് രവീന്ദ്രൻ പറയുന്നു. രാവിലെ ഓപ്പറേറ്റർ എത്തി ലിഫ്റ്റ് തുറന്നപ്പോഴാണ് അവശനിലയിൽ രവീന്ദ്രൻ നായരെ കണ്ടെത്തിയത്.