16 July, 2024 08:56:53 AM


തട്ടിക്കൊണ്ടു പോയ മൊബൈൽ ഷോപ്പ് ഉടമയെ കണ്ടെത്തി; 2 പേർ കസ്റ്റഡിയിൽ



കോഴിക്കോട്: താമരശ്ശേരിയിൽ നിന്നു തട്ടിക്കൊണ്ടു പോയ മൊബൈൽ ഷോപ്പ് ഉടമ ​​ഹർഷാദിനെ കണ്ടെത്തി. വയനാട് വൈത്തിരിയിൽ നിന്നാണ് ഹർഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ സംഘം വൈത്തിരിയിൽ ഒരു ബൈക്ക് കടയ്ക്ക് സമീപം ഹർഷാദിനെ ഇറക്കിവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി വിവരമുണ്ട്. ഹർഷാദിന്റെ മൊഴി രേഖപ്പെടുത്തി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.

ഇന്നലെ രാത്രി 8.45 ഓടെ ഹർഷാദ് പിതാവിന്റെ ഫോണിലേക്ക് വിളിച്ചു. വൈത്തിരിയിൽ ഇറക്കി വിട്ടെന്നു ഹർഷാദ് തന്നെയാണ് അറിയിച്ചത്. ഹർഷാദിന്റെ കൈയിൽ ഫോൺ ഉണ്ടായിരുന്നില്ല. സമീപത്തെ കടയിൽ കയറി ഫോൺ വാങ്ങിയാണ് ഹർഷാദ് വിളിച്ചതെന്നും അടിവാരത്തേക്ക് ബസിൽ യാത്ര തിരിച്ചതായി വ്യക്തമാക്കിയെന്നും ബന്ധുക്കൾ പറഞ്ഞു.

ഹർഷാദ് വിളിച്ച വിവരം ബന്ധുക്കൾ പൊലീസിൽ അറിയിച്ചു. പിന്നാലെ അടിവാരത്തെത്തിയ താരശ്ശേരി പൊലീസ് രാത്രി പത്തേകാലോടെ ​ഹർഷാദിനെ താമരശ്ശേരിയിൽ എത്തിച്ചു. ഹർഷാദിനെ കാണാതായതിനു പിന്നാലെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. താമരശ്ശേരി ഡിവൈഎസ്പി പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം തുടരുന്നതിനിടെയാണ് തട്ടിക്കൊണ്ടു പോയവർ ഹ​ർഷാദിനെ വഴിയിൽ ഉപേക്ഷിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂഴിക്കൽ സ്വദേശിയായ ഹർഷാദിനെ തട്ടിക്കൊണ്ടു പോയത്. പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നു ആരോപിച്ചു ബന്ധുക്കൾ രം​ഗത്തെത്തിയിരുന്നു. തട്ടിക്കൊണ്ടു പോയ സംഘം 10 ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ടു. പിന്നിൽ സാമ്പത്തിക ഇടപാടാണെന്നു സൂചനകളുണ്ടായിരുന്നു. അതിനിടെ ഹർഷാദിനെ കാർ കണ്ടെത്തിയിരുന്നു. കാറിന്റെ മുൻ ​ഗ്ലാസ് തകർന്ന നിലയിലാണ് പൊലീസ് കണ്ടെത്തിയത്. ആരോ വിളിച്ചപ്പോൾ വീട്ടിൽ നിന്നു പുറത്തേക്ക് പോവുകയായിരുന്നുവെന്നു ഹർഷാദിന്റെ ഭാര്യ വ്യക്തമാ​ക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K