16 July, 2024 08:59:41 AM
ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; 4 സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. ഒരു ഓഫീസർ ഉൾപ്പെടെയാണ് മരിച്ചത്. ജമ്മുവിലെ ദോഡ ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇന്നലെ വൈകീട്ടാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 5 സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. അതിനിടെ ആക്രമണത്തിനിടെ രക്ഷപ്പെട്ട ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്.
ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യവും ജമ്മു പൊലീസും സംയുക്ത തിരച്ചിൽ ആരംഭിച്ചത്. പിന്നാലെയാണ് ദോഡ ജില്ലയിലെ ദസ്സ ഭാഗത്ത് ഏറ്റുമുട്ടലുണ്ടായത്. ഒരാഴ്ചക്കിടെ ജമ്മു മേഖലയിൽ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. ദിവസങ്ങൾക്ക് മുൻപ് കത്വ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു.