16 July, 2024 12:39:32 PM


മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് മരം വീണു; കണ്ടക്ടർക്ക് പരിക്ക്



മലപ്പുറം: മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് മരം വീണു. കോഴിക്കോട് - എടവണ്ണപ്പാറ റൂട്ടിൽ ഓടുന്ന ബസിന് മുകളിലാണ് വലിയ മരം വീണ് അപകടമുണ്ടായത്. സംഭവത്തിൽ കണ്ടക്ടർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടോടെയാണ് അപകടം. മുബാറക്ക് ബസ് കണ്ടക്ടർ ജിഷ്ണുവിനാണ് പരിക്കേറ്റത്. വർഷങ്ങളായി നാട്ടുകാർ മുറിക്കണമെന്ന് ആവശ്യപ്പെടുന്ന മരമാണ് ഇന്ന് കാലത്ത് പെയ്ത കനത്ത മഴയിൽ റോഡിൽ കുറുകെ വീണത്. 

എടവണ്ണപ്പാറയിൽ നിന്ന് രാമനാട്ടുകര വഴി കോഴിക്കോട് പോകുന്ന മുബാറക്ക് ബസിന് മുകളിലാണ് മരം വീണത്. ബസ് തൊട്ടുമുന്നിലായി ഡ്രൈവറുടെ സീറ്റിന് ചാരിയാണ് മരം വീണത്. ഇതോടെ ബസ് സഡൻ ബ്രേക്ക് ഇടുകയും ചില്ലുകൾ പൊട്ടി ചെറിയ പരിക്കുകൾ ചിലർക്ക് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഉടൻതന്നെ സ്ഥലത്തെത്തിയ വാഴക്കാട് പോലീസിന്റെ നിർദ്ദേശപ്രകാരം താലൂക്ക് ദുരന്തനിവാരണ സേന ടി‌ഡിആർഎഫ് വളണ്ടിയർമാരും നാട്ടുകാരും ചേർന്ന് മരം മുറിക്കൽ ആരംഭിച്ചു.

വലിയ മരം ആയതിനാൽ മുക്കത്ത് നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തിയാണ് മരം മുഴുവനായി മുറിച്ചു നീക്കിയത്. പിന്നാലെ റോഡ് ശുചീകരിച്ചു. പ്രദേശത്ത് പാർക്ക് ചെയ്ത കാറിനും ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുക്കം ഫയർ ഓഫീസർ അബ്ദുൽ ഗഫൂറിന്റെയും ടിഡിആർഎഫ് ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് മരം മുറിച്ചു നീക്കിയത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945