20 July, 2024 09:29:10 AM
ലാത്വിയയിലെ കായലിൽ മലയാളി യുവാവിനെ കാണാതായി
മൂന്നാര്‍: യൂറോപ്യൻ രാജ്യമായ ലാത്വിയയിലെ കായലിൽ മലയാളി യുവാവിനെ കാണാതായി. ആനച്ചാൽ അമ്പലത്തിനു സമീപം താമസിക്കുന്ന അറയ്ക്കൽ ഷിന്റോയുടെയും റീനയുടെയും മകൻ പത്തൊമ്പതുകാരൻ ആൽബിനെയാണു കാണാതായത്. പ്ലസ്ടുവിനു ശേഷം ലാത്വിയയിൽ പഠിക്കുകയായിരുന്നു കാണാതായ ആൽബിൻ. 5 മാസങ്ങൾക്കു മുൻപായിരുന്നു ആൽബിൻ യൂറോപ്പിലേക്കു പോയത്.
ആൽബിന്റെ ലാത്വിയയിലുള്ള സുഹൃത്തുക്കൾ വ്യാഴാഴ്ച അർധരാത്രിയോടെയാണു ആനച്ചാലിലെ വീട്ടിലേക്ക് അപകടവിവരം അറിയിച്ചത്. നാല് സുഹൃത്തുക്കൾക്കൊപ്പം കായലിൽ കുളിക്കുന്നതിനിടയിൽ ആൽബിൻ ചുഴിയിൽ മുങ്ങിപ്പോകുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. മറ്റു നാലു പേരും രക്ഷപ്പെട്ടു. അതേസമയം മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ തിരച്ചിൽ നടത്തിയെങ്കിലും ആൽബിനെ കണ്ടെത്താനായില്ല എന്നാണു സുഹൃത്തുക്കൾ അറിയിച്ചത്.