20 July, 2024 12:37:13 PM
അർജുന്‍റെ ലോറിയുടെ സ്ഥാനം കണ്ടെത്തി; തിരച്ചിൽ ഊർജിതം
ബെംഗളൂരു: കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ നിർണായക വഴിത്തിരിവ്. റഡാർ ഉപയോഗിച്ചുള്ള പരിശോധനയില്‍ അർജുൻ ഓടിച്ച ലോറിയുടെ ലൊക്കേഷന്‍ കണ്ടെത്തി. മണ്‍കൂനകള്‍ക്കിടയിലാണ് ലോറിയുള്ളത്. ലോറി ലൊക്കേറ്റ് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കുന്നത് തുടരുകയാണ്. കാലാവസ്ഥ അനുകൂലമായതിനാല്‍ ഉടന്‍ തന്നെ അര്‍ജുനെ കണ്ടെത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ചൊവാഴ്ച മുതലാണ് അർജുനെ കാണാതായത്. അർജുൻ അവസാനമായി സംസാരിച്ചത് മണ്ണിടിച്ചിലുണ്ടായ പ്രദേശത്തുനിന്നാണ്. ഈ പ്രദേശത്തു നിന്നാണ് ലോറിയുടെ ജിപിഎസ് സിഗ്നൽ ലഭിച്ചതും. മണ്ണ് ഇടിഞ്ഞുവീഴുമ്പോേൾ ഇവിടെ 3 ടാങ്കറുകളും ഒരു ലോറിയും ഒരു കാറും നിർത്തിയിട്ടിരുന്നതായാണു വിവരം. അർജുനും മറ്റു 2 പേരും മണ്ണിനടിയിലുണ്ടെന്നാണു നിഗമനം. വയോധികയെ കാണാതായിട്ടുണ്ട്. അപകടസമയത്ത് അർജുൻ ലോറിയിൽ ഉണ്ടായിരുന്നോ അതോ ഇവിടത്തെ ചായക്കടയിലായിരുന്നോ എന്നതു വ്യക്തമല്ല.
മണ്ണിടിഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന വാഹനങ്ങളും ആളുകളിൽ പലരും നദിയിലേക്ക് ഒലിച്ചുപോയിരുന്നു. ചായക്കട ഉടമ, ഭാര്യ, 2 കുട്ടികൾ, ഇവരുടെ ബന്ധു, തമിഴ്നാട് സ്വദേശിയായ ടാങ്കർ ലോറി ഡ്രൈവർ, തിരിച്ചറിയാത്ത ഒരാൾ എന്നിങ്ങനെ 7 പേരുടെ മൃതദേഹങ്ങൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. അർജുന്റെ ലോറിയുടെ ജിപിഎസ് സിഗ്നൽ കിട്ടിയ സ്ഥലത്ത് മണ്ണുനീക്കി പരിശോധന തുടരുകയാണ്. നാവികസേന, ദേശീയ ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, പൊലീസ് തുടങ്ങി വൻ സന്നാഹം സ്ഥലത്തുണ്ട്.