25 July, 2024 08:55:05 AM


കെ.എസ്​.ആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടു; പത്തു വയസ്സുകാരിയുടെ കൈയൊടിഞ്ഞു; ഡ്രൈവർക്കെതിരെ കേസ്



മലപ്പുറം: കെ.എസ്​.ആർ.ടി.സി ബസ്​ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന്​ വീണ പെൺകുട്ടിയുടെ കൈയൊടിഞ്ഞു. സംഭവത്തിൽ ഡ്രൈവർക്കെതിരെ ​മലപ്പുറം പൊലീസ്​ കേസെടുത്തു. വള്ളുവ​​മ്പ്രം കക്കാടമ്മൽ സുരേഷ്​ബാബുവിന്‍റെ മകൾ പി. റിഥിയുടെ (10) പരാതിയിലാണ്​ കേസ്​.

അശ്രദ്ധമായും മനുഷ്യജീവന്​ അപകടംവരത്തക്ക രീതിയിലും വാഹനമോടിച്ചതിനാണ്​ ഡ്രൈവർക്കെതിരെ കേസെടുത്തത്​.ബുധനാഴ്​ച രാവിലെ 9.45ന്​ മലപ്പുറം കോട്ടപ്പടിയിലാണ്​ സംഭവം. ബ്രേക്കിട്ടതിനെതുടർന്ന് സഹോദരിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന റിഥി വീണു.

ഇടതുകൈക്ക്​ സാരമായ പരിക്കേറ്റ കുട്ടിക്ക്​ ബസ്​ ജീവനക്കാർ ഫസ്റ്റ്​ എയ്​ഡ്​ നൽകുകയോ ആശുപത്രിയിലെത്തിക്കുകയോ ചെയ്തില്ല. മലപ്പുറം കുന്നുമ്മൽ സ്​​റ്റാൻഡിൽ ഇറങ്ങിയ പെൺകുട്ടികൾ വള്ളുവ​മ്പ്രത്തുള്ള പിതാവിനെ വിളിച്ചുവരുത്തി.

സ്​റ്റേഷൻ മാസ്റ്ററോട്​ പരാതിപ്പെട്ടതിനെ തുടർന്നാണ്​ പരിക്കേറ്റ കുട്ടിയെ​ ആശുപത്രിയിലെത്തിച്ച്​ ചികിത്സ നൽകിയത്​. ഒന്നര മണിക്കൂറിനുശേഷമാണ്​ കുട്ടിക്ക്​ വൈദ്യസഹായം ലഭിച്ചത്​.

അതേസമയം, പിതാവിനും കുട്ടിയോടുമൊപ്പം കെ.എസ്​.ആർ.ടി.സിയുടെ ഭാഗത്തുനിന്നും ഉണ്ടായ അലംഭാവം ചോദ്യംചെയ്യാനെത്തിയ ആൾ സ്​റ്റേഷൻ മാസ്​റ്ററെ കൈയേറ്റം ശ്രമിച്ചതായി പരാതിയുയർന്നു. ഇയാളെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. ഇരുമ്പുഴി വടക്കുംമുറി അക്​ബറലിയെ (38) ​ ആണ്​ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K