26 July, 2024 09:18:54 AM


ഊണിന് അച്ചാര്‍ നല്‍കിയില്ല; ഹോട്ടല്‍ ഉടമക്ക് പോയി കിട്ടിയത് 35000 രൂപ



ചെന്നൈ: പാഴ്‌സലായി നല്‍കിയ ഊണില്‍ അച്ചാര്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് റസ്റ്റോറന്റ് ഉടമ നഷ്ടപരിഹാരമായി നല്‍കേണ്ടി വരുന്നത് വലിയ തുക. 35000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവിട്ടത്. 80 രൂപയുടെ 25 ഊണ് പാഴ്‌സല്‍ വാങ്ങിയ ആളിനാണ് അച്ചാര്‍ ലഭിക്കാതെ പോയത്.

വിഴുപുരത്തുള്ള റസ്റ്ററന്റില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് പാഴ്‌സല്‍ വാങ്ങിയ ആരോഗ്യസ്വാമിയാണ് പരാതി നല്‍കിയത്. ബന്ധുവിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ആരോഗ്യസ്വാമി 2022 നവംബര്‍ 27ന് 25 ഊണ് നല്‍കിയത്. അതില്‍ അച്ചാറുണ്ടായിരുന്നു. അടുത്ത ദിവസം ഇതേ റസ്റ്ററന്റില്‍ നിന്ന് 25 ഊണ് തന്നെ വാങ്ങി. എന്നാല്‍ അതില്‍ അച്ചാറുണ്ടായിരുന്നില്ല. ഇതേ കുറിച്ച് ചോദിച്ച് ഉടമയായി തര്‍ക്കത്തിലായി.

ഒരു ഊണിന്റെ അച്ചാറിന് ഒരു രൂപ എന്ന കണക്കില്‍ 25 രൂപ തനിക്ക് തിരിച്ച് നല്‍കണമെന്നാണ് ആരോഗ്യ സ്വാമി ആവശ്യപ്പെട്ടത്. ഈ ആവശ്യം നിരസിക്കപ്പെട്ടതോടെ ആരോഗ്യസ്വാമി വിഴുപുരം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു. ആരോഗ്യസ്വാമി നേരിട്ട മാനസിക ബുദ്ധിമുട്ട് പരിഗണിച്ച് 30,000 രൂപയും നിയമച്ചെലവിനായി 5000 രൂപയും അച്ചാറിന്റെ വിലയായി 25 രൂപയും നല്‍കാനാണ് ഉത്തരവില്‍ പറയുന്നത്. 45 ദിവസങ്ങള്‍ക്കുള്ളില്‍ പണം നല്‍കണമെന്നും വീഴ്ച വരുത്തിയാല്‍ മാസം ഒന്‍പത് ശതമാനം പലിശ നല്‍കേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K