26 July, 2024 09:24:27 AM


കൊയിലാണ്ടി ​ഗുരുദേവ കോളേജ് സംഘർഷം; എസ്എഫ്ഐ പ്രവർത്തകരുടെ സസ്‌പെൻഷൻ പിൻവലിച്ചു



കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് സസ്‌പെൻ്റ് ചെയ്ത നാല് എസ്എഫ്ഐ പ്രവർത്തകരുടെ സസ്‌പെൻഷൻ പിൻവലിച്ചു. രണ്ടാം വർഷ ബിബിഎ വിദ്യാർഥി തേജു സുനിൽ, മൂന്നാം വർഷ ബിബിഎ വിദ്യാർഥി തേജു ലക്ഷ്മി, രണ്ടാം വർഷ ബികോം വിദ്യാർഥി അമൽരാജ്, മൂന്നാം വർഷ സൈക്കോളജി വിദ്യാർഥി അഭിഷേക് സന്തോഷ്‌ എന്നിവരുടെ സസ്‌പെൻഷനാണ് പിൻവലിച്ചത്. 

അന്വേഷണ കമ്മീഷന് മുമ്പാകെ ഇവർ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി പിൻവലിച്ചത്. ജൂലൈ ഒന്നിന് കോളേജ് പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ച സംഭവത്തിലായിരുന്നു കോളേജ് വിദ്യാർത്ഥികളെയും സസ്പെന്‍റ് ചെയ്തത്. പ്രിൻസിപ്പൽ എസ്എഫ്ഐ നേതാവിനെ മർദിച്ചെന്നും പരാതി ഉയർന്നിരുന്നു. സംഭവത്തില്‍ എസ്എഫ്ഐ നേതാവിൻ്റെ പരാതിയിൽ പ്രിൻസിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത പൊലീസ് പ്രിൻസിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്എഫ്ഐ നേതാവ് അഭിനവിനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് പ്രിൻസിപ്പലിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K