26 July, 2024 04:38:28 PM


കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ല; മരട് അനീഷിനെ കോടതി വെറുതെവിട്ടു



തൃശൂര്‍: കുന്നംകുളത്ത് കുഴൽപ്പണം തട്ടിയെടുത്ത കേസിൽ ഗുണ്ടാ നേതാവ് മരട് അനീഷിനെ വെറുതെ വിട്ടു. ചാവക്കാട് അഡീഷണൽ അസിസ്റ്റന്‍റ് സെഷൻസ് കോടതിയാണ് വെറുതെ വിട്ടത്. എട്ടര ലക്ഷം രൂപ മരട് അനീഷും സംഘവും കവർന്നുവെന്നാണ് കേസ്. ബസ് യാത്രക്കാരനായ യുവാവിന്റെ പണമാണ് തട്ടിയെടുത്തത്. സിനിമാ സ്റ്റൈലിൽ കാർ കുറുകിയിട്ടായിരുന്നു അന്ന് കവർച്ച. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ല.

സാക്ഷികൾ മരട് അനീഷിന് അനുകൂലമായി മൊഴി കൊടുത്തിരുന്നു. അതേസമയം, കഴിഞ്ഞ വര്‍ഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് കുപ്രസിദ്ധ ഗുണ്ട മരട് അനീഷിന് നേര്‍ക്ക് വധശ്രമമുണ്ടായിരുന്നു.  ആശുപത്രി ബ്ലോക്കില്‍ നിന്ന് ഉച്ചഭക്ഷണത്തിനിറക്കിയപ്പോഴായിരുന്നു സംഭവം.   കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കോടതി ഉത്തരവ് പ്രകാരം ജയിലിലെ ആശുപത്രി ബ്ലോക്കിലാണ് പ്രവേശിപ്പിച്ചിരുന്നത്.

ജയില്‍ ജീവനക്കാരന്‍ ബിനോയ് ഉച്ചയ്ക്ക് ഭക്ഷണം നല്‍കാനായി അനീഷിനെ പുറത്തിറക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഡോക്ടറെ കാണണമെന്ന് പറഞ്ഞ് ആശുപത്രി ബ്ലോക്കിലെത്തിയ അമ്പായത്തോട് അഷ്റഫും ഹുസൈനുമാണ് ആക്രമണം നടത്തിയത്. കൈയ്യില്‍ കരുതിയിരുന്ന ബ്ലേഡും ഇരുമ്പ് സ്കെയിലിന്‍റെ കഷണവും കൊണ്ടാണ് അനീഷിനെ ആക്രമിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K