26 July, 2024 06:38:26 PM


ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകളുടെ ആശങ്ക അകറ്റണം - വി.ആര്‍. മഹിളാമണി



പാലക്കാട്‌ : ഒറ്റപ്പെട്ട് ജീവിക്കുന്ന പ്രായമായ സ്ത്രീകളുടെ ആശങ്ക അകറ്റാന്‍ സാമൂഹിക ഇടപെടല്‍ വേണമെന്ന് വനിതാ കമ്മിഷന്‍ അംഗം വി.ആര്‍.മഹിളാമണി പറഞ്ഞു. പാലക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.

വിവിധ കാരണങ്ങളാല്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരായ സ്ത്രീകള്‍ ഒട്ടേറെ ആശങ്കകള്‍ അനുഭവിക്കുന്നുണ്ട്. ഈ വിഷയം വനിതാ കമ്മിഷന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. സമൂഹത്തിന്റെ മനോഭാവ മാറ്റത്തിനായി കുടുംബശ്രീ, ജാഗ്രതാ സമിതി അംഗങ്ങള്‍ക്ക് പരിശീലനവും പൊതുജനങ്ങള്‍ക്കായി സെമിനാറുകളും നടത്തും. പ്രായമായവരോടുള്ള സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാന്‍ സമൂഹത്തെ പ്രാപ്തമാക്കുന്ന രീതിയിലുള്ള ഇടപെടലുകളുണ്ടാകും.

എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ അധ്യാപകരോട് മോശമായി പെരുമാറുകയും ആനുകൂല്യങ്ങള്‍ തടയുന്നതിനായി ഇടപെടല്‍ നടത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ പരാതിയായി വരുന്നുണ്ട്. മാനേജര്‍മാര്‍ വ്യക്തിതാത്പര്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറുകയും അധ്യാപകരില്‍ കടുത്ത മാനസിക സമ്മര്‍ദമുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യം ചിലയിടത്തെങ്കിലും തുടരുന്നുണ്ട്. ഈ വിഷയത്തില്‍ എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരുടെ അധികാര പരിധി സര്‍ക്കാര്‍ നിശ്ചയിക്കണമെന്ന് ആവശ്യപ്പെടുമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

ഗാര്‍ഹികപീഡനങ്ങള്‍, ഭാര്യയുടെയും കുട്ടികളുടെയും സംരക്ഷണം, വൃദ്ധ മാതാപിതാക്കളുടെ സംരക്ഷണം തുടങ്ങിയ പരാതികളാണ് കമ്മിഷന് മുമ്പിലെത്തിയത്. ജില്ലാതല അദാലത്തില്‍ ആകെ 21 പരാതികള്‍ പരിഹരിച്ചു. 20 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ആകെ 41 പരാതികളാണ് പരിഗണിച്ചത്. അഡ്വ.സി.ഷീബ, കൗണ്‍സലര്‍ ഡിംപിള്‍ മരിയ എന്നിവര്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K