28 July, 2024 05:26:58 PM
പുഴയിലെ തിരച്ചിൽ അതീവ ദുഷ്കരം; രക്ഷാദൗത്യം അവസാനിപ്പിച്ച് ഈശ്വർ മാൽപെ
അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുൻ്റെ കുടുംബത്തിൻ്റെ ദുഃഖം സഹിക്കാനാകുന്നില്ലെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. ഇന്ന് രണ്ട് തവണ ഡൈവിങ് നടത്തി. മൂന്ന് സ്ഥലങ്ങളിലാണ് തിരച്ചിൽനടത്തിയത്. എന്നാൽ ഒന്നും ലഭിച്ചില്ല, പുഴയിൽ കൂറ്റൻ ആൽമരം ഉണ്ട്. നിറയെ ചെളിയും കമ്പികളും മരകഷ്ണവുമാണുണ്ടായിരുന്നത്. ട്രക്ക് എവിടെയാണെന്ന് കാണാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ആറ് തവണ ഡൈവിങ് നടത്തിയിരുന്നതായി ഈശ്വർ മാൽപെ പറഞ്ഞു. ഗംഗാവാലി നദിയ്ക്ക് വലിയ ആഴം ഉണ്ട്. ശക്തമായ അടിയൊഴുക്കുണ്ട്. 40 അടിവരെ താഴ്ചയുണ്ട്. നദിക്കടിയിൽ സമ്മർദ്ദം കൂടുതലാണ്. പുഴയിലെ വെള്ളം കലങ്ങി മറിഞ്ഞ നിലയിലാണ്. അത് തെളിയണം. താത്കാലികമായാണ് പിന്മാറുന്നത്. തിരച്ചിൽ തുടരും, എപ്പോൾ വിളിച്ചാലും തങ്ങൾ വരുമെന്നും ഈശ്വർ മാൽപെ പറഞ്ഞു.
'മറ്റ് ദൗത്യങ്ങളിൽ നിന്ന് ഇതിനുണ്ടായ വെല്ലുവിളി ഒരുപാട് ദുഃഖകരമായിരുന്നു. അർജുന്റെ വീട്ടുകാർ ഒരുപാട് കരയുന്നുണ്ട്, ഇവിടെയുള്ള രണ്ട് പേർ തിരിച്ച് കിട്ടിയിട്ടില്ല. അവരുടെ കുടുംബം കരയുന്നുണ്ടെന്നും ഈശ്വർ മാൽപെ പറഞ്ഞു. ഇന്ന് രണ്ട് തവണ ഡൈവിങ് ചെയ്തു. ലഭിച്ചില്ല. എട്ട് തവണ നടത്തിയ ഡൈവിങിൽ പ്രതീക്ഷിക്കാൻ ഒന്നും ലഭിച്ചില്ല. ലഭിച്ചത് കമ്പിയും ചെളിയും മരകഷ്ണങ്ങളുമാണ്', ഈശ്വർ മാൽപെ.