29 July, 2024 03:51:36 PM
മദ്യനയ അഴിമതി കേസ്: കെജ്രിവാളിനെതിരെ സി.ബി.ഐ കുറ്റപത്രം ഫയല്‍ ചെയ്തു
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെതിരെ സി.ബി.ഐ, ഡല്‍ഹി റൗസ് അവന്യൂവിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം ഫയല്‍ ചെയ്തു. എ.എ.പി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനും പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ മറ്റുപ്രതികള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ചുമത്തിയതായാണ് വിവരം. നേരത്തെ കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ആഗസ്റ്റ് എട്ടുവരെ നീട്ടിയിരുന്നു.
മുതിര്‍ന്ന എ.എ.പി നേതാവ് മനീഷ് സിസോദിയ, ബി.ആര്‍.എസ് നേതാവ് കെ. കവിത എന്നിവരുടെയും കസ്റ്റഡി നീട്ടിയിട്ടുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21ന് എന്‍ഫ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ കഴിഞ്ഞ മാസം സുപ്രീംകോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചെങ്കിലും പിന്നാലെ സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തിയതിനാല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാനായില്ല.മദ്യനയ അഴിമതിയില്‍ കെജ്രിവാള്‍ പ്രധാന ഗൂഢാലോചനക്കാരനാണെന്നും മദ്യനിര്‍മാതാക്കളുമായി അടുപ്പമുള്ള വിജയ് നായരുമായി അടുത്തബന്ധമുണ്ടെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡല്‍ഹി സര്‍ക്കാര്‍ 2021ലെ മദ്യനയം ചില മദ്യക്കമ്പനികളുമായുള്ള ധാരണ പ്രകാരമാണ് രൂപപ്പെടുത്തിയതെന്നും ഇതിനായി എ.എ.പി 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന വാങ്ങിയെന്നുമാണ് കേസ്. ഗോവയിലും പഞ്ചാബിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ പണം ഉപയോഗിച്ചെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍ കെജ്രിവാളില്‍നിന്ന് അനധികൃതമായി ഒരു രൂപ പോലും പിടിച്ചെടുക്കാനോ ആരോപണങ്ങളെ സാധൂകരിക്കാന്‍ തെളിവ് നല്‍കാനോ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് എ.എ.പി വ്യക്തമാക്കി.