30 July, 2024 09:40:04 AM


കനത്ത മഴ: താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ; ഒറ്റപ്പെട്ട് മലയോരമേഖലകൾ



കോഴിക്കോട്: ഇന്നലെ രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വൻനാശനഷ്ടം. താമരശ്ശേരി ചുരം എട്ടാം വളവിൽ മണ്ണിടിഞ്ഞ് അപകടം. മരങ്ങൾ റോഡിലേക്ക് വീണു. വാഹനങ്ങൾ വൺവേ അടിസ്ഥാനത്തിൽ കടത്തി വിടുന്നുണ്ട്. ചുരത്തിൽ കനത്ത മഴ തുടരുകയാണ്. 

കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളിൽ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായതായി നാട്ടുകാർ പറഞ്ഞു. മഞ്ഞച്ചീൾ സ്വദേശി കുളത്തിങ്കൽ മാത്യൂ എന്ന മത്തായിയെ ആണ് കാണാതായത്. കുറ്റ്യാടി മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് സെൻറർമുക്ക് ഭാഗങ്ങളിൽ നിന്നും 20 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 


തൊട്ടിൽപ്പാലം പുഴ കരകവിഞ്ഞൊഴുകുന്നു. ചോയിച്ചുണ്ടിൽ ഏഴു വീടുകളിൽ വെള്ളം കയറി. കാവിലുംപാറയിൽ പത്ത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇരുവഴഞ്ഞി പുഴയും ചെറുപുഴയും ചാലിയാറും കരകവിഞ്ഞ് ഒഴുകുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയ വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. കാരശ്ശേരി പഞ്ചായത്തിലെ പുറ്റിയൂട്ടിൽ, മാന്ത്ര, പ്രേദേശങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മുക്കം പുൽപറമ്പ് , കൊടിയത്തൂർ ചെറുവാടി അങ്ങാടികളിലെ കടകളിൽ വെള്ളം കയറിയതോടെ കടകൾ ഒഴിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K