01 August, 2024 06:46:52 PM


അടിയന്തരമായി കേന്ദ്രസഹായം നല്‍കാനുള്ള സമയമായിട്ടില്ല, കേരളം ആവശ്യപ്പെടട്ടെ- സുരേഷ് ഗോപി



ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ കേരളത്തിന് അടിയന്തരമായി കേന്ദ്രസഹായം നല്‍കാന്‍ സമയമായിട്ടില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെയൊരു സാധ്യതയുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകരോട് നേരിട്ട് അന്വേഷിക്കാനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ കുത്തിത്തിരിപ്പുണ്ടെന്നും ജനങ്ങള്‍ക്ക് എത്തേണ്ടത് എത്തുമെന്നും രാഷ്ട്രീയ വക്താവാകരുതെന്നും ദേഷ്യത്തോടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

വയനാട് ദുരന്തത്തില്‍ കേന്ദ്രം ഇതുവരെ എന്ത് ഇടപെടല്‍ നടത്തിയെന്ന ചോദ്യത്തിന് നിങ്ങളോട് പറയേണ്ട കാര്യമില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഏത് ചാനലില്‍ നിന്നാണെന്ന് ഇടക്കിടെ ചോദിക്കുകയും ചെയ്തിരുന്നു. ദുരന്തത്തിന്റെ വ്യാപ്തിയും ബാക്കി കാര്യങ്ങളുമൊക്കെ പഠിച്ച് റിപ്പോര്‍ട്ട് ഉണ്ടാക്കി സംസ്ഥാനം ആവശ്യപ്പെട്ടാല്‍ സഹായത്തെക്കുറിച്ച് ആലോചിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

'ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ട സാധ്യതയുണ്ടോ എന്ന് ആദ്യം നിങ്ങള്‍ അന്വേഷിക്കൂ. ഇപ്പോള്‍ ദേശീയ ദുരന്തം എന്നൊരു സംഭവമുണ്ടോ? ആദ്യം പോയി നിയമം പഠിക്കൂ. ഇതിനുള്ള സഹായം നല്‍കുന്നതിന് മുമ്പ് ഇനി ഇങ്ങനെ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുകയല്ലേ വേണ്ടത്? അതാണ് ഇപ്പോള്‍ മുഖ്യം. കേന്ദ്രത്തില്‍ നിന്ന് സഹായം നല്‍കേണ്ട സമയമായിട്ടില്ല. ദുരന്തത്തിന്റെ വ്യാപ്തിയും ബാക്കി കാര്യങ്ങളുമൊക്കെ പഠിച്ച് റിപ്പോര്‍ട്ട് ഉണ്ടാക്കി സ്‌റ്റേറ്റ് ആവശ്യപ്പെടട്ടെ. എന്നിട്ട് സഹായത്തിനെക്കുറിച്ച് ആലോചിക്കാം. കുത്തിത്തിരിപ്പുണ്ടാക്കരുത്. മാധ്യമങ്ങള്‍ വെറുതെ രാഷ്ട്രീയ വക്താക്കളാകരുത്. ജനങ്ങള്‍ക്ക് എത്തേണ്ടത് എത്തും. നിങ്ങളുടെ ചോദ്യത്തില്‍ നല്ല കുത്തിത്തിരിപ്പുണ്ട്. ഇതുവരെ എന്ത് ഇടപെടല്‍ നടത്തി എന്ന് നിങ്ങളോട് പറയേണ്ട കാര്യമില്ല,' എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K