02 August, 2024 09:28:09 AM


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചാരണം,14 കേസുകൾ രജിസ്റ്റർ ചെയ്തു



തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈയില്‍ സംഭവിച്ച മഹാദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരിലേക്ക് സഹായങ്ങളെത്തിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന അഭ്യർത്ഥനക്കെതിരെ വ്യാജ പ്രചരണം നടത്തിയതിനെതിരെ സംസ്ഥാന വ്യാപകമായി കേസുകൾ‌ രജിസ്റ്റർ ചെയ്തു. 14 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം സിറ്റിയിൽ നാല്, പാലക്കാട് രണ്ട്, കൊല്ലം സിറ്റി, എറണാകുളം റൂറൽ, തൃശ്ശൂർ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറൽ എന്നിവിടങ്ങളിൽ ഓരോ കേസ് വിധമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇത്തരത്തിൽ പ്രചാരണം നടത്തിയ 194 പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് കണ്ടെത്തിയത്. അത് നീക്കം ചെയ്യുന്നതിന് അതത് സാമൂഹിക മാധ്യമങ്ങൾക്ക് നിയമ പ്രകാരം നോട്ടീസ് നൽകിയതായി പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയുള്ള വ്യാജപ്രചരണങ്ങൾ നിരീക്ഷിക്കുന്നതിനായി സമൂഹമാധ്യമങ്ങളിൽ പട്രോളിങ് നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ഇത്തരത്തിലുള്ള പോസ്റ്റുകൾ നിർമ്മിക്കുന്നവർക്കും ഷെയർ ചെയ്യുന്നവർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

അതേസമയം കേരളത്തിന് അകത്തും പുറത്തുമുള്ള സന്നദ്ധ പ്രവർത്തകരും സംഘടനകളും കൂട്ടായ്മകളും മനുഷ്യ സ്നേഹികളുമായ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചത്. സിനിമാ മേഖലകളിൽ നിന്ന് നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. യുഎഇ നിവാസികളും ബിസിനസുകാരും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ രംഗത്തെത്തിയിരുന്നു. ഒരു കോടി രൂപയുടെ അവശ്യ മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും വയനാടെത്തിക്കുമെന്ന് വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ അറിയിച്ചു. ഒരു കോടി രൂപയുടെ അവശ്യ മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും വയനാടെത്തിക്കുമെന്ന് വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ അറിയിച്ചു. നിരവധി പേരാണ് സഹായ പിന്തുയുമായി രം​ഗത്തെത്തിക്കൊണ്ടിരിക്കുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K