03 August, 2024 10:25:03 AM
ദുരന്തമുഖത്ത് ആശ്വാസമേകാൻ ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ; വയനാട്ടിൽ എത്തി
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തി. ആർമി ക്യാമ്പിൽ എത്തിയതിന് ശേഷമാണ് ലെഫ്റ്റനൻറ് കേണൽ കൂടിയായ മോഹൻലാൽ ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്. ദുരിത ബാധിതരെ സന്ദർശിച്ച ശേഷം ദുരന്ത ഭൂമിയായ മുണ്ടക്കൈയിലേക്ക് തിരിച്ചു. അവിടെ വച്ച് മോഹൻലാൽ മാധ്യമ പ്രവർത്തകരെ കാണും.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ സംഭാവന നൽകിയിരുന്നു. 25 ലക്ഷം രൂപയാണ് നടൻ നൽകിയത്. 2018ൽ ഉണ്ടായ മഹാപ്രളയ സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ സംഭാവന നൽകിയിരുന്നു. നേരത്തെ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്നവരെ കുറിച്ച് മോഹൻലാൽ പറഞ്ഞ കാര്യങ്ങളും വലിയ ശ്രദ്ധനേടിയിരുന്നു. 'വയനാട് ജില്ലയിലെ മേപ്പാടിയിലെ മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. രക്ഷാപ്രവർത്തനം ആറു സോണുകളായി നടത്തുകയാണ്. കാണാമറയത്ത് ഇനിയും ഒരുപാട് പേരുണ്ട്. രക്ഷാപ്രവർത്തനം നടത്തുന്നവരെ സല്യൂട്ട് ചെയ്യുകയാണ്, എന്നും,
ദുരന്ത മുഖത്ത് ധീരതയോടെ അക്ഷീണം തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തുന്ന നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, കൂടാതെ ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനിക സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി പ്രയത്നിക്കുന്ന ഓരോ വ്യക്തിയെയും അഭിവാദ്യം ചെയ്യുന്നു, മുമ്പും നമ്മൾ ഇത്തരത്തിൽ വെല്ലുവിളികളെ നേരിട്ടുണ്ട്. അതേസമയം കൂടുതൽ ശക്തരാകുകയും ചെയ്‍തിട്ടുണ്ട്. ദുഷ്‍കരമായ സമയത്ത് നമ്മൾക്ക് എല്ലാവർക്കും ഒറ്റക്കെട്ടായി നിൽക്കാനും ഐക്യത്തിന്റെ ശക്തി കാണിക്കാനും താൻ പ്രാർഥിക്കുകയും ചെയ്യുന്നു', എന്നാണ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇതുവരെ 300 കടന്നിട്ടുണ്ട്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെയായി കണ്ടെടുത്തത്. കണ്ടെടുത്ത ശരീര ഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. എന്നാൽ 206 പേരെ ഇനിയും കണ്ടെത്താൻ ആയിട്ടില്ല. 86 പേർ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. അതേസമയം ജില്ലയിൽ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്.