05 August, 2024 08:53:48 AM


വയനാട്ടിൽ തിരച്ചില്‍ ഏഴാം ദിനം: ഇനി കണ്ടെത്താനുള്ളത് 180 പേരെ



വയനാട്: കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 387 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരിൽ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു.ശേഷിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. അതേസമയം ചൂരൽമലയ്ക്ക് മുകളിലേക്ക് തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തും. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി.

മേഖലകളിൽ കാണാതായവര്‍ക്കായുള്ള  തിരച്ചില്‍ ഏഴാം ദിവസവും തുടരും. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് പ്രധാനമായും തെരച്ചിൽ നടക്കുക. ദൗത്യസംഘത്തിന്‍റെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുക.  ചൂരൽമല സ്കൂൾ, വെള്ളാർമല വില്ലേജ് ഓഫീസ് പരിസരത്ത് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ സൈന്യത്തിന്റെ നേതൃത്വത്തിൽ റഡാർ ഉപയോ​ഗിച്ചുള്ള പരിശോധന ഇന്നും തുടരും.

മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനായി രാവിലെ തിരച്ചില്‍ പുനരാരംഭിക്കും. വീടുകൾക്കുമേൽ നാൽപത് അടിയോളം ഉയരത്തിൽ കല്ലും മണ്ണും അടിഞ്ഞിരിക്കുന്നതാണ് തെരച്ചിലിന് വെല്ലുവിളിയാകുന്നത്. ചൂരൽമല സ്കൂൾ, വെള്ളാർമല വില്ലേജ് ഓഫീസ് പരിസരങ്ങളിലാണ് പരിശോധന തുടരുന്നത്.

മലപ്പുറത്ത് ചാലിയാറിലും മൃതദേഹങ്ങൾ കണ്ടെത്താനായി വ്യാപകമായ തെരച്ചിൽ തുടരുകയാണ്.  ഇനിയും 180 പേരെ കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ കണക്ക്. 17 ക്യാമ്പുകളിലായി 2551 പേരെ ദുരന്തമുഖത്തു നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K