07 August, 2024 03:00:38 PM
പള്ളിയിൽ എത്തിയ കൈക്കുഞ്ഞിന്‍റെ അരഞ്ഞാണം മോഷ്ടിച്ച് വിഴുങ്ങി; യുവതി പിടിയിൽ
മലപ്പുറം: തിരൂർ പാൻ ബസാറിലെ പള്ളിയിൽ വച്ച് കൈക്കുഞ്ഞിന്റെ ആഭരണം മോഷ്ടിച്ച യുവതി പിടിയിൽ. നിറമരുതൂർ സ്വദേശിയായ മലയിൽ ദിൽഷാദ് ബീഗം (48) ആണ് തിരൂർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പള്ളിയിൽ നിസ്‌കരിക്കാൻ കയറിയ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന കൈക്കുഞ്ഞിന്റെ അരഞ്ഞാണമാണ് മോഷ്ടിച്ചത്. പൊലീസ് പിടികൂടിയപ്പോൾ യുവതി ആദ്യം നിഷേധിക്കുകയായിരുന്നു. എന്നാൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് സ്വർണം വിഴുങ്ങിയതായി സംശയം തോന്നിയ പൊലീസ്, എക്സ്‌റേ എടുത്തു പരിശോധിച്ചു. ഡോക്ടർ യുവതിയുടെ ശരീരത്തിൽ സ്വർണത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രതിയെ തിരൂർ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരൂർ സി ഐ കെ ജെ ജിനേഷിന്റെ നേതൃത്വത്തിൽ എസ് ഐ ആർ പി സുജിത്ത്, എ എസ് ഐ ഹൈമാവതി, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ ജിനേഷ് എന്നിവർ ചേർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.