08 August, 2024 09:35:14 AM


ജാതി അധിക്ഷേപം: എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തിന് എതിരായ കേസ് ഹൈക്കോടതി റദ്ദാക്കി



കൊച്ചി: ജാതീയമായി അധിക്ഷേപിച്ചു എന്ന പേരിൽ എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തിനെതിരെ ഉണ്ടായിരുന്ന കേസിലെ തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി. പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഏച്ചിക്കാനം നൽകിയ ഹർജിയിലാണ് നടപടി.

2018ൽ കോഴിക്കോട് നടന്ന സാഹിത്യോത്സവത്തിൽ എഴുത്തുകാരൻ ഉണ്ണി ആറുമായുള്ള സംഭാഷണത്തിനിടെ ദലിത് വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിലാണ് എഴുത്തുകാരനെതിരെ കേസെടുത്തത്. ഏച്ചിക്കാനം സ്വദേശി ബാലകൃഷ്ണന്റെ പരാതിയിലാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്. അറസ്റ്റിലായ ഏച്ചിക്കാനത്തിന് കാസർകോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.

പരാതിക്കാരനുമായി സന്തോഷ് എച്ചിക്കാനും പ്രശ്നം ഒത്തു തീർപ്പാക്കുകയായിരുന്നു. പിന്നാലെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. സന്തോഷ് എച്ചിക്കാനത്തിന്റെ വാദത്തെ പിന്തുണച്ച് പരാതിക്കാരനും കോടതിയിൽ സത്യവാങ്മൂലം നൽകി. ഇത് അം​ഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കേസ് റദ്ദാക്കിയത്.

സാഹിത്യോത്സവത്തിൽ ബിരിയാണി എന്ന കഥയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയായിരുന്നു വിവാ​ദ പരാമർശം. 'പന്തിഭോജനം' എന്ന കഥയിൽ‍ പറയുന്നതു പോലെ വലിയ നിലയിൽ എത്തിയാൽ ചില ദലിതർ സവർണ മനോഭാവം പുലർത്തുന്ന മട്ടിൽ പെരുമാറുന്നുവെന്നും അത്തരമൊരാൾ നാട്ടിലുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതു തന്റെ ജാതിയായ മാവിലൻ സമുദായത്തെ അധിക്ഷേപിക്കലാണെന്നു കാണിച്ചാണു ബാലകൃഷ്ണൻ പരാതി നൽകിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K