12 August, 2024 01:06:56 PM


'സിബിഐ അറസ്റ്റ് റദ്ദാക്കണം': ഹൈക്കോടതി ഉത്തരവിനെതിരെ കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍



ന്യൂഡല്‍ഹി: സുപ്രീംകോടതിയെ സമീപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മദ്യനയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് കെജ്രിവാള്‍ അപ്പീല്‍ നല്‍കിയത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിരിക്കെ കഴിഞ്ഞ ജൂണ്‍ 26നാണ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്.


കള്ളപ്പണ ഇടപാട് കേസില്‍ ജൂണ്‍ 12ന് സുപ്രീംകോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സിബിഐ അറസ്റ്റ്. തുടര്‍ന്ന് സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി കെജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ജസ്റ്റിസ് നീന ബന്‍സാല്‍ ക്രിഷ്ണയുടെ സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.


വിചാരണ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.  സിബിഐക്ക് കെജ്രിവാളിനെ കസ്റ്റഡിയില്‍ സൂക്ഷിക്കാനാവശ്യമായ തെളിവുകളില്ലെന്നും ജയിലില്‍ കഴിയുന്നത് ഉറപ്പാക്കാന്‍ വേണ്ടിയാണ് സിബിഐ അറസ്റ്റ് എന്നുമായിരുന്നു ഹൈക്കോടതിയില്‍ കെജ്രിവാളിന്റെ വാദം. സുപ്രീംകോടതി കെജ്രിവാളിന് അനുകൂലമായി നടപടിയെടുത്താല്‍ അദ്ദേഹത്തിന് പുറത്തിറങ്ങാനാകും. മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീംകോടതിയില്‍ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജ്രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച് ജൂണ്‍ 2 ന് അദ്ദേഹം ജയിലിലേക്ക് മടങ്ങിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K