15 August, 2024 03:51:41 PM
ഹേമ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്ച പുറത്ത് വിടും; സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കും
തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവര്‍ക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കുക. റിപ്പോര്‍ട്ടിലെ 233 പേജുകള്‍ മാത്രമാണ് സാംസ്‌കാരിക വകുപ്പ് ഇവര്‍ക്ക് കൈമാറുക. റിപ്പോര്‍ട്ട് മറ്റന്നാള്‍ പുറത്തുവിടാനാണ് തീരുമാനം. റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനു എതിരായ ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് നടപടി.
ചലച്ചിത്ര മേഖലയില്‍ വനിതകള്‍ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തിന് ശേഷം വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവിലാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ വിവരാവകാശ കമ്മിഷന്റെ ഉത്തരവ് അനുസരിച്ച് ഒഴിവാക്കിയാണ് പ്രസിദ്ധീകരിക്കുക.
നേരത്തെ, റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് സ്വാഗതം ചെയ്ത് വിമെന്‍ ഇന്‍ സിനിമ കളക്ടീവ് (WCC) രംഗത്തെത്തിയിരുന്നു. 2019 മുതല്‍ 2024 വരെ നീണ്ട നിരാശാജനകമായ നിശബ്ദത ഭേദിക്കുന്ന ഈ ഉത്തരവ് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചാ വിഷയമാകുമ്പോള്‍, വര്‍ഷങ്ങളായി മുന്നോട്ട് വെച്ച ചില ചോദ്യങ്ങള്‍ വീണ്ടും ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു.