19 August, 2024 05:51:15 PM
'വഴങ്ങാത്തവരെ ഒഴിവാക്കുന്നു'; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
തിരുവനന്തപുരം: അടിമുടി സ്‍ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ക്രിമിനലുകള്‍ നിയന്ത്രിക്കുന്ന മേഖലയാണ് മലയാള സിനിമ എന്നും റിപ്പോര്‍ട്ടില്‍ വെളിപ്പടുത്തുന്നു. സിനിമയില്‍ പുറമേയുള്ള തിളക്കം മാത്രമേയുള്ളൂ, അവസരം ലഭിക്കാൻ വിട്ടുവീഴ്‍ചയ്‍ക്ക് തയ്യാറാകേണ്ടി വരുന്നു എന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
വഴിവിട്ട കാര്യങ്ങള്‍ ചെയ്യാൻ നിര്‍ബന്ധിക്കുന്നത് സംവിധായകനും നിര്‍മാതാക്കളുമാണ്. സഹകരിക്കുന്നവരെ വിശേഷിപ്പിക്കുന്നത് കോപ്പറേറ്റിംഗ് ആര്‍ട്ടിസ്റ്റെന്നാണ്. സിനിമാ മേഖലയില്‍ വ്യാപകമായ ലൈംഗിക ചൂഷണമാണ് നടക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. എതിര്‍ക്കുന്നവര്‍ സൈബര്‍ ആക്രമണമുള്‍പ്പടെയുള്ള ഭീഷണികളാണ് സിനിമയില്‍ നേരിടുന്നത് എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വഴങ്ങാത്തവരെ പ്രശ്‍നക്കാരായി മുദ്രകുത്തുകയാണ്. പൊലീസിനെ സമീപിക്കാത്തത് ജീവനില്‍ ഭയമുള്ളതിനാലാണ്. സിനിമയിലെ ഉന്നതരും അതിക്രമം കാട്ടി. സംവിധായകര്‍ക്കെതിരെയും മൊഴിയുണ്ട്.
ഷൂട്ടിംഗ് സെറ്റുകളില്‍ മദ്യവും ലഹരിമരുന്നും കര്‍ശനമായി വിലക്കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരായി നിയോഗിക്കരുത്. വനിതകള്‍ക്ക് സുരക്ഷിതമായ താമസമടക്കമുള്ള സൗകര്യങ്ങള്‍ സിനിമാ നിര്‍മാതാവ് നല്‍കണം. ഷൂട്ടിംഗ് സെറ്റുകളില്‍ കുടുംബാംഗങ്ങളെയും കൊണ്ടു വരേണ്ട സ്ഥിതിയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ മാത്രം പോരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബദലായ സ്വതന്ത്ര സംവിധാനം അനിവാര്യമാണ്. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വതന്ത്ര സംവിധാനം വേണം. അതിന് സർക്കാർ ഇടപെടൽ അനിവാര്യമാണ്. സ്വതന്ത്ര സംവിധാനം സർക്കാർ നേരിട്ട് രൂപീകരിക്കണമെന്നും നിയമപരമായിരിക്കണം ആ പരാതി പരിഹാര സംവിധാനമെന്നും ഹേമ കമ്മിറ്റി നാലര വർഷം മുൻപ് നിർദ്ദേശിച്ചിട്ടുണ്ട്.
ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കും. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.