23 August, 2024 04:09:04 PM
റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമ്മയ്ക്ക് എതിരല്ല- സിദ്ദിഖ്
കൊച്ചി: അമ്മയില്‍ പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ലെന്ന് സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ധിഖ്. മനപ്പൂര്‍വം മറുപടി പറയാതെ ഒളിച്ചോടിയതല്ല, ഒരു ഷോയുടെ തിരക്കിലായതിനാലാണ് പ്രതികരിക്കാന്‍ വൈകിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വളരെ സ്വാഗതാര്‍ഹമാണ്. അമ്മക്കെതിരെയുള്ള റിപ്പോര്‍ട്ടല്ല. റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങളില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. കുറ്റവാളികള്‍ അല്ലാത്തവരെക്കൂടി പുകമറ സൃഷ്ടിച്ച് കുറ്റവാളികള്‍ ആക്കരുതെന്നാണ് അമ്മയക്ക് പറയാനുള്ളതെന്നും സിദ്ധിഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വളരെ സ്വാഗതാര്‍ഹമാണ്. അവര്‍ മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്. ഒരു ചര്‍ച്ചയ്ക്ക് വേണ്ടി സജി ചെറിയാന്‍ വിളിച്ചിരുന്നു. ചര്‍ച്ചക്ക് നിര്‍ദേശങ്ങള്‍ അറിയിച്ചിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. അത്തരം കേസുകളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഹേമ കമ്മിറ്റി അമ്മയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടില്ല. മാധ്യമങ്ങള്‍ അമ്മയെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണ്. എല്ലാ തൊഴില്‍മേഖലയിലും ഉള്ളതുപോലെ തന്നെയാണ് സിനിമയിലും. ഈ മേഖലയിലെ എല്ലാ ആളുകളും മോശക്കാരാണെന്ന് അടച്ചാക്ഷേപിക്കുന്ന രീതി ദുഃഖകരമാണ്.
സംഘടനയില്‍ പവര്‍ ഗ്രൂപ്പ് എന്നൊന്നില്ല. പത്ത് വര്‍ഷം മുമ്പ് ഒരു ഹൈ പവര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. അതിപ്പോള്‍ നിലവിലില്ല. അതിനെ വെച്ചിട്ട് ആരെങ്കിലും പറഞ്ഞതാണോ എന്നറിയില്ല. കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണം. മാഫിയ ഉണ്ടെന്ന് പറയുമ്പോള്‍, മാഫിയയുടെ അര്‍ഥം അറിഞ്ഞിട്ടാണോ. ഒരു പവര്‍ ഗ്രൂപ്പിനും ഒരു സിനിമയും നിയന്ത്രിക്കാന്‍ കഴിയില്ല. ഇതില്‍ പറയുന്ന പല കാര്യങ്ങളും അറിയാത്ത കാര്യങ്ങളാണ്. ആദ്യ പ്രതികരണം അലസമായി പറഞ്ഞതല്ല, പ്രതികരിക്കാനുള്ള സാവകാശം ചോദിച്ചതാണ്. എനിക്കൊരിക്കലും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. റിപ്പോര്‍ട്ടിനോട് പരിപൂര്‍ണമായി യോജിക്കുന്നുവെന്നും സിദ്ധിഖ് പറഞ്ഞു.
ഡബ്ല്യുസിസി പറയുന്നതുപോലെ ആരുടേയും അവസരം നിഷേധിച്ചിട്ടില്ല. പാര്‍വതി നല്ലൊരു നടിയാണ്. അവര്‍ക്ക് അവസരം നിഷേധിച്ചെന്ന് എങ്ങനെയാണ് പറയുന്നത്. കോണ്‍ക്ലേവ് എന്താണെന്ന് അറിയില്ല. അതിനെക്കുറിച്ച് മനസിലാക്കിയതിന് ശേഷം പ്രതികരിക്കാം. കാസ്റ്റിങ് കൗച്ചില്‍ അത്തരം അനുഭവങ്ങള്‍ ആരെങ്കിലും നേരിട്ട് പറഞ്ഞാല്‍ മാത്രമേ അത്തരം കാര്യങ്ങളില്‍ മറുപടി പറയാന്‍ കഴിയൂ. വേട്ടക്കാരുടെ പേര് പുറത്ത് പറയണമെന്നത് സംഘടനയില്‍ ചര്‍ച്ച ചെയ്യും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരേണ്ടത് അമ്മയല്ല. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത്. അമ്മയില്‍ ഭിന്നതയില്ല. ഇടവേള ബാബുവിനെതിരെയുള്ള പരാതി അന്വേഷിച്ചിട്ടില്ല ഇതുവരെ. ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കും.