26 August, 2024 11:54:54 AM


ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയന്‍ പിള്ള രാജു; നടന്‍മാര്‍ക്കെതിരേ ആരോപണവുമായി നടി



തിരുവനന്തപുരം: പ്രമുഖ നടന്മാർക്കെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ. ജയസൂര്യ, മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺഡ്രോളർ നോബിൾ, വിച്ചു എന്നിവരുടെ പേര് പറഞ്ഞാണ് മിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2013ലാണ് ദുരനുഭവം ഉണ്ടായത് ശാരീരികമായും മാനസികമായുമായി ഉപദ്രവിച്ചെന്നാണ് ആരോപണം.

മുകേഷ് അടക്കമുള്ളവ‍ർക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് മിനു ഉന്നയിക്കുന്നത്. ആദ്യ സിനിമാ പ്രൊജക്ടുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതിനിടെയാണ് ദുരനുഭവമുണ്ടായത്. ശാരീരിക മാനസ്സിക പ്രശ്നങ്ങൾ സഹിക്കാനാകാതെ വന്നതോടെ മലയാള സിനിമയിൽ നിന്ന് തന്നെ വിട്ടുപോകേണ്ടി വന്നു. പിന്നീട് ചെന്നൈയിലേക്ക് മാറേണ്ടി വന്നെന്നും അവർ പറഞ്ഞു.

പല സന്ദർഭങ്ങളിലായാണ് പീഡനം നേരിട്ടത്. ലൊക്കേഷനിൽ വച്ചാണ് ദുരനുഭവങ്ങളുണ്ടായത്. മുകേഷ് സെറ്റിൽ വച്ച് മോശമായ രീതിയിൽ സംസാരിച്ചു. ഇന്നസെന്റിനോട് പരാതി പറഞ്ഞപ്പോൾ അമ്മയിൽ ചേരാൻ ആവശ്യപ്പെട്ടു. എന്നാൽ അമ്മയിൽ ചേരാൻ ശ്രമിച്ചപ്പോൾ മുകേഷ് അടങ്ങിയ സംഘം തടഞ്ഞു. താൻ അറിയാതെ നുഴഞ്ഞ് അമ്മയിൽ കയറാമെന്ന് വിചാരിച്ചല്ലേ എന്ന് ചോദിച്ച മുകേഷ് താൻ അറിയാതെ ഒന്നും മലയാള സിനിമയിൽ നടക്കില്ലെന്നും പറഞ്ഞു. പിന്നീട് അമ്മയിലെ കമ്മറ്റി മെമ്പേഴ്സിന് തന്നെ അറിയില്ലെന്നാണ് ലഭിച്ച മറുപടി. മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവരടങ്ങുന്ന സംഘമാണ് അക്കാര്യം അറിയിച്ചത്.

ജയസൂര്യയാണ് തന്നെ ആദ്യം അപ്രോച്ച് ചെയ്തത്. ജയസൂര്യയിൽ നിന്ന് തനിക്ക് ദുരനുഭവമുണ്ടായി. ആദ്യ ചിത്രമായ 'ദേ ഇങ്ങോട്ട് നോക്കിയെ' ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ജയസൂര്യ മോശമായി പെരുമാറിയത്. എഎംഎംഎയിലെ അംഗത്വത്തിന് ശ്രമിച്ചപ്പോൾ ഇടവേള ബാബു മോശമായി പെരുമാറിയെന്നും മിനു ആരോപിച്ചു. എഎംഎംഎയിലെ കമ്മിറ്റി അംഗങ്ങളെ ഗൌനിക്കാതെ അംഗത്വം നൽകില്ലെന്ന് മുകേഷും പറഞ്ഞു. മുകേഷ് പലതവണ അപ്രോച്ച് ചെയ്തു. ഒരു തവണ റൂമിലേക്ക് വന്നു, മോശമായി പെരുമാറാൻ ശ്രമിച്ചു. താൻ ഒഴിഞ്ഞുമാറിയെന്നും മിനു മുനീർ പറഞ്ഞു. തനിക്ക് ഒരിക്കലും എഎംഎംഎയിൽ അംഗത്വം ലഭിക്കില്ലെന്ന് മനസ്സിലായി. ഇതോടെ മലയാള സിനിമ വിട്ട് പോകുകയായിരുന്നു.

പ്രൊഡക്ഷൻ കൺട്രോളർ നോബിൾ മോശമായി സംസാരിച്ചു. നടനും നിർമ്മാതാവുമായ മണിയണ പിള്ള രാജുവും മോശമായി സംസാരിച്ചു. തനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിൽ സ്വകാര്യമായ കാര്യങ്ങൾ ചോദിച്ചു. ആഷിഖ് അബു ചിത്രം ഡാ തടിയയുടെെ ചിത്രീകരണത്തിനിടയിലും മണിയൻപിള്ള രാജു തന്നെ മോശം ഉദ്ദേശത്തോടെ സമീപിച്ചതായും മിനു വെളിപ്പെടുത്തി. മണിയൻപിള്ള രാജു തന്റെ ഡോറിൽ തട്ടി. തുറക്കാതിരുന്നതിനാൽ പിറ്റേ ദിവസം സെറ്റിൽ വെച്ച് ദേഷ്യപ്പെട്ടുവെന്നും മിനു വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K