28 August, 2024 07:55:35 PM


ഒരു കാരണവശാലും സിനിമാ കോൺക്ലേവ് നടത്താൻ അനുവദിക്കില്ല- വി.ഡി സതീശന്‍



മലപ്പുറം: ഒരു കാരണവശാലും സിനിമ കോൺക്ലേവ് നടത്താൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിനിമ കോൺക്ലേവ് എന്ത് വില കൊടുത്തും യു.ഡി.എഫ് തടയും. മുകേഷ് എം.എൽ.എയെ രക്ഷിക്കാനാണ് സുരേഷ് ഗോപി ഇറങ്ങിയിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ അഞ്ച് ചോദ്യങ്ങളും സതീശന്‍ ഉന്നയിച്ചു. റിപ്പോർട്ടിൽ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്ന് സതീശൻ ചോദിച്ചു. ആരെ രക്ഷിക്കാനാണ് പേജുകൾ വെട്ടിമാറ്റിയത്. ആരോപണ വിധേയേരെ ഇരകൾക്കൊപ്പം ഇരുത്തി കോൺക്ലേവ് നടത്തുന്നത് എന്തിനാണ്. കുറ്റകൃത്യം നടന്നിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും സതീശൻ ചോദിച്ചു.

മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങള്‍ ചോദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മലപ്പുറം പുത്തനത്താണിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1. കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നെന്നു വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം നടത്താത്തത്? 

2. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 176 (1) വകുപ്പും ഭാരതീയ ന്യായ സംഹിതയുടെ 199 (സി) വകുപ്പും പോക്‌സോ ആക്ടിലെ 21 വകുപ്പും അനുസരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക അതിക്രമങ്ങള്‍ മറച്ചു വയ്ക്കുന്നത് കുറ്റകരമാണ്. എന്നിട്ടും എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്?

3. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയപ്പോള്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പറഞ്ഞതിലും കൂടുതല്‍ പേജുകളും ഖണ്ഡികകളും സര്‍ക്കാര്‍ വെട്ടിമാറ്റി കൃത്രിമത്വം കാട്ടിയത് ആരെ രക്ഷിക്കാനാണ്? 

4. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന കൊടും ക്രൂരതകള്‍ക്കൊപ്പം മയക്കുമരുന്നിന്റേയും മറ്റ് ലഹരി പദാര്‍ഥങ്ങളുടെയും അനിയത്രിത ഉപയോഗവും അതുണ്ടാക്കുന്ന ഭീകരാവസ്ഥയെ കുറിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു?

5. എന്തുകൊണ്ടാണ് സര്‍ക്കാര്‍ സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുന്നത്? 


ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935