06 November, 2024 09:01:51 PM
സാംസ്കാരികനഗരിയില്‍ ചലച്ചിത്ര പൂരം: അന്താരാഷ്ട്ര മേളയില്‍ 7 മലയാളം സിനിമകള്‍
- പി.എം. മുകുന്ദന്‍
തൃശൂർ: സാംസ്കാരികനഗരിയില്‍ ഇനി ചലച്ചിത്രപൂരം. ഐഎഫ്എഫ്‌ടി യുടെ 19-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള നവംബർ 10 മുതൽ 15 വരെ നടക്കും. രാംദാസ്, രവികൃഷ്‌ണ തിയേറ്ററിലും സെന്‍റ് തോമസ് കോളേജിലുമായി നടക്കുന്ന മേളയിൽ മലയാള സിനിമകളടക്കം മുപ്പതോളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും. പുതുമുഖ സംവിധായകരുടെ സിനിമകൾക്കു ഏർപ്പെടുത്തിയ ഐഎഫ്എഫ്‌ടി ഡോറോതിയ മച്ചിങ്ങൽ ഫിലിം അവാർഡിന് മത്സരിക്കുന്ന 7 സിനിമകളാണ് മലയാളത്തില്‍ നിന്നും മത്സരത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്‌തിട്ടുള്ളത്.
5 വേറിട്ട ഇന്ത്യൻ പനോരമ സിനിമകളും ഉണ്ടാകും മേളയില്‍. ഐഎഫ്എഫ്‌കെ റീ വിസിറ്റഡ് പാക്കേജിൽ പുരസ്കാരം ലഭിച്ച ഏഴ് ചിത്രങ്ങളും ശാസ്ത്ര സിനിമകളും ഹ്രസ്വ - ഡോക്യൂമെന്‍ററികളും പ്രദര്‍ശനത്തിനുണ്ടാകും. മലയാള സിനിമയിലെ നവാഗത സംവിധായകരുടെ ഷോർട്ട് ലിസ്റ്റ് ചെയ്‌ത ഏഴു സിനിമകൾ ഇവയാണ്. വലസൈ പറവകൾ (സുനിൽ മാളൂർ), ദായം (പ്രശാന്ത് വിജയ്), ഉള്ളൊഴുക്ക് (ക്രിസ്റ്റോ ടോമി), നജുസ്സ് (ശ്രീജിത്ത് പൊയ്ൽകാവ്), കുത്തൂട് (മനോജ് കെ സേതു), നീരജ (രാജേഷ് കെ രാമൻ), തണുപ്പ് (രാഗേഷ് നാരായണൻ). തെരഞ്ഞെടുക്കപ്പെടുന്ന മികച്ച സിനിമക്കു ഐഎഫ്എഫ്‌ടി ഒരു ലക്ഷം രൂപയാണ് ഡോറോതിയ മച്ചിങ്ങൽ ഫിലിം അവാർഡായി ഡിഎച്ച് ഫൌണ്ടേഷൻ നൽകുക.
പ്രശസ്ത സൗണ്ട് ഡിസൈനർ ടി കൃഷ്‌ണനുണ്ണി (ചെയർമാൻ), നോവലിസ്റ്റ് കെ വി അഷ്ടമൂർത്തി, ഫിലിം ക്രിട്ടിക് എം സി രാജനാരായണൻ എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച സിനിമ തെരഞ്ഞെടുക്കുക. നിരവധി അന്താരാഷ്ട്ര ഫെസ്റ്റിവലുകളിൽ പങ്കെടുത്തിട്ടുള്ള അനീക് ചൗധരിയുടെ ഹിന്ദി മൂവി ദി സിബ്രാസ്, രഹത് മഹാജന്‍റെ മേഘധൂതു, സൗരിഷ് ഡെയുടെ ബംഗാളി മൂവി ഫ്യൂററ്റ് എന്നിവ വേറിട്ട ഇന്ത്യൻ പനോരമ സിനിമകൾ എന്ന പാക്കേജിൽ പ്രദര്‍ശിപ്പിക്കും. ഇവ മൂന്നും കേരളത്തില്‍ ആദ്യമായാണ് പ്രദർശിപ്പിക്കുന്നത്.
മണിപ്പുരി സംവിധായകൻ പബൻ കുമാറിന്‍റെ ജോസഫ്‌സ് സൺ, പ്രതാപ് ജോസഫിന്‍റെ മാവോയിസ്റ്റ് തുടങ്ങിയവ ഇന്ത്യൻ പനോരമയിലുണ്ട്. ഐഎഫ്എഫ്‌കെ റീ വിസിറ്റഡ് പാക്കേജിൽ പുരസ്‌കാരം ലഭ്യമായിട്ടുള്ള 'ക്ലാര സോളാ', ദി നെയിംസ് ഓഫ് ദി ഫ്ലവർസ്, ക്ലാഷ്, ഐ സ്റ്റിൽ ഹൈഡ് ടു സ്മോക്ക്, ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റിസറക്ഷൻ തുടങ്ങിയ സിനിമകളും പ്രദർശിപ്പിക്കും.
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫിലിം പാക്കേജ്, സെന്‍റർ ഫോർ മീഡിയ സ്റ്റഡീസിൽ നിന്നുള്ള എന്‍ഡിഎസ്എഫ് പാക്കേജ്, മിനി ഐ ജി യുടെ കറുപ്പഴക്, പ്രശസ്ത ചിത്രക്കാരനായ കെ എം മധുസൂദനന്‍റെ ഫ്ലയിം, കാണി ഫിലിം സൊസൈറ്റി നിർമ്മിച്ച പി മുഹമ്മദ് കുട്ടിയുടെ നിർമ്മാല്യം, പി.ഒ. രാംദാസ് കടവലൂരിന്‍റെ ' ബിയോണ്ട് ഹെയറ്റർഡ് ആൻഡ് പവർ, വീ കീപ്പ് സിംഗിംഗ്' എന്നീ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും. ഐഎഫ്എഫ്‌ടി ജോയിന്‍റ് കൺവീനറും നഗരസഭാ കൌണ്‍സിലറുമായ അഡ്വ.വില്ലി, ഐഎഫ്എഫ്‌ടി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ചെറിയാൻ ജോസഫ്, ട്രഷറർ എ രാധാകൃഷണൻ, പി കൃഷ്ണൻകുട്ടി മാഷ്, ധനഞ്ജയൻ മച്ചിങ്ങൽ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.