05 March, 2025 10:53:05 AM
'മാർക്കോ' ടെലിവിഷനിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു

തിരുവനന്തപുരം: കേരളത്തിലെ യുവതലമുറയ്ക്കിടയില്‍ വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളില്‍ മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാകുകയാണ്. ഈ പശ്ചാത്തലത്തിൽ മാർക്കോ സിനിമ ടെലിവിഷനിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ച് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. സിനിമയുടെ ഒ ടി ടി പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. 'എ' സര്‍ട്ടിഫിക്കറ്റ് ആയതുകൊണ്ടാണ് നടപടിയെന്നും മാര്‍ക്കോയ്ക്ക് തിയേറ്റർ പ്രദര്‍ശനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും വിശദീകരണം പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മലയാളത്തിൽ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളിൽ ഒന്നാണ് ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ. ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. ഇന്ത്യയിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമെന്ന ടാഗ്‌ലൈനോടുകൂടി തിയേറ്ററിലെത്തിയ ചിത്രം 100 കോടിയോളം കളക്ട് ചെയ്തിരുന്നു. ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്.
എന്നാല്‍ അടുത്തിടെ സിനിമയ്ക്കെതിരെ മന്ത്രി ഗണേഷ് കുമാർ അടക്കം രംഗത്തെത്തിയിരുന്നു. ഇത്തരം സിനിമകൾക്ക് പ്രദർശനം അനുവദിച്ച സെൻസർ ബോർഡിനെയും മന്ത്രി വിമർശിച്ചിരുന്നു. ചോര തെറിപ്പിക്കുന്നതിനെ ഹരം പിടിക്കുംവിധം അവതരിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു ഗണേഷ് കുമാറിന്‍റെ വിമര്‍ശനം. സിനിമാ മേഖലയിലെ നിരവധി താരങ്ങളും ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.