11 November, 2024 01:41:14 PM


ഇനി ഉലകനായകൻ എന്ന വിളി വേണ്ട- കമൽ ഹാസൻ



ഉലകനായകന്‍ ഉള്‍പ്പെടെ ഒരു വിളിപ്പേരും തനിക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് തെന്നിന്ത്യൻ താരം കമൽ ഹാസൻ. നടന്‍ എന്ന ചട്ടക്കൂടിന് പുറത്ത് കടന്ന് തിരക്കഥ, സംവിധാനം, നിര്‍മ്മാണം, വിതരണം, ഗാനരചന, സംഗീതം, ആലാപനം, നൃത്തസംവിധാനം എന്നിങ്ങനെ ഒരു സിനിമയുടെ സര്‍വ മേഖലകളിലും തന്റെ സാന്നിധ്യമറിയിച്ച കലാകാരനാണ് കമൽ ഹാസൻ. അതുകൊണ്ട് തന്നെയാണ് കമൽ ഹാസനെ ഉലകനായകൻ എന്ന് വിളിക്കുന്നതും. എന്നാൽ കലയേക്കാൾ വലുതല്ല കലാകാരനെന്നും തനിക് ഇത്തരത്തിലുള്ള വിശേഷണങ്ങളോട് താല്പര്യം ഇല്ലെന്നും അറിയിച്ചിരിക്കുകയാണ് കമൽ ഹാസൻ. കമൽ ഹാസന്റെ പ്രൊഡക്ഷൻ കമ്പനിയായ രാജ് കമൽസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് നടൻ പ്രസ്താവന ഇറക്കിയിരിക്കുന്നത്.

'സിനിമാ കരിയറിൽ ആരാധകർ ഉലകനായകൻ തുടങ്ങി നിരവധി വിശേഷണങ്ങൾ നൽകിയിട്ടുണ്ട്. നിങ്ങളുടെ സ്നേഹത്തിന് നന്ദിയുണ്ട്. സിനിമ ഇപ്പോഴും ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ്. കലയേക്കാൾ വലുതല്ല ഒരു കലാകാരനും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വിശേഷങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യരുത്. നിങ്ങൾക്ക് കമൽ ഹാസൻ എന്നോ, കമൽ എന്നോ കെ എച്ച് എന്നോ വിളിക്കാം. മാധ്യമങ്ങളും മറ്റു പ്രവർത്തകരും എല്ലാം ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു. തുടർന്നും നിങ്ങളുടെ സ്നേഹം ഉണ്ടാകണം' കമൽ ഹാസൻ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K