20 February, 2025 07:03:49 PM


'ഭൂതകാലം ഒരിക്കലും നിശബ്ദമാകില്ല'; ദൃശ്യം 3 ഉറപ്പിച്ച് മോഹൻലാൽ



കൊച്ചി: ദൃശ്യം 3 സിനിമ സ്ഥിരീകരിച്ച് നടൻ മോഹൻലാൽ. 'പാസ്റ്റ് നെവർ സ്റ്റേ സൈലൻ്റ്' എന്ന ക്യാപ്‌ഷനോടെ നടൻ മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ദൃശ്യം ആദ്യ ഭാഗവും രണ്ടാം ഭാഗവും വലിയ ബോക്സോഫീസ് ഹിറ്റുകളായിരുന്നു. മലയാളത്തിന് പുറമെ തമിഴ് , തെലുങ് , കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും സിനിമ പുറത്തിറങ്ങിയിരുന്നു.

വലിയ അഭിപ്രായം എല്ലാ ഭാഷകളിലും സിനിമയ്ക്ക് നേടാൻ സാധിച്ചിരുന്നു. ഇതിന് മുൻപ് നിരവധി ചർച്ചകൾ സിനിമ മേഖലയിൽ ദേശ്യം 3 വരുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. ആ ചർച്ചകൾക്കൊക്കെ ഇപ്പോൾ വിരാമമിട്ടുകൊണ്ടാണ് മോഹൻലാലിന്റെ പോസ്റ്റ് പുറത്തുവന്നിരിക്കുന്നത്.‌‌‌

ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട അന്വേഷണവും അത് മറച്ച് വെക്കാനുള്ള നായക കഥാപാത്രത്തിന്റേയും കുടുംബത്തിന്റേയും ശ്രമങ്ങളുമെല്ലാം പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഒരുക്കിയ ചിത്രമായിരുന്നു ദൃശ്യം. രണ്ടാം ഭാഗവും ഇതിന്റെ തുടര്‍ച്ചയായിരുന്നു. 2021 ലാണ് ദൃശ്യം ദി റിസംഷന്‍ എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയത്.

എന്തായാലും വലിയ ആവേശത്തോടെയാണ് ആരാധകർ ദൃശ്യം 3 യുടെ ആദ്യ അപ്‌ഡേഷൻ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാൽ പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

2013ലാണ് ദൃശ്യം സിനിമയുടെ ആദ്യ ഭാഗം തിയറ്ററുകളിലെത്തിയത്. ജീത്തു ജോസഫിന്റെ തന്നെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായിരിക്കുന്നു. പിന്നീട് എട്ടു വർഷങ്ങൾക്കു ശേഷം 2021ൽ സിനിമയുടെ രണ്ടാം ഭാഗമെത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951