25 August, 2024 10:31:56 AM


യുവ നടിയുടെ ലൈംഗിക ആരോപണം; 'അമ്മ'യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു



കൊച്ചി: താര സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹൻ ലാലിന് സിദ്ദിഖ് രാജി കത്ത് നൽകി. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്നാണ് സിദ്ദിഖിൻറെ രാജി. യുവ നടി രേവതി സമ്പത്ത് ഇന്നലെയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. രേവതി സമ്പത്തിൻറെ ആരോപണങ്ങളിൽ പൊലീസ് കേസെടുത്തേക്കുമെന്നാണ് ലഭിക്കുന്ന സൂചന. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകൾ പുറത്തുവന്നത്.

യുവ നടിയുടെ ആരോപണം ഇപ്രകാരം:
വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് രേവതി സമ്പത്ത് വ്യക്തമാക്കിയത്. ഇപ്പോഴത്തെ അമ്മ ജനറൽ സെക്രട്ടറിയുടെ ഭാഗത്ത് നിന്നായിരുന്നു ദുരനുഭവം. പക്ഷേ അത് പുറത്ത് പറയാൻ പോലും സമയമെടുത്തു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും രേവതി സമ്പത്ത് വ്യക്തമാക്കി. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് അയാൾ ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. ശേഷമായിരുന്നു ആക്രമണം നടത്തിയതെന്ന് നടി വിവരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K