19 August, 2024 01:01:14 PM


ഹേമ കമ്മിറ്റി റിപ്പോർട്ട്; രഞ്ജിനിയുടെ ഹർജി തള്ളി ഹൈക്കോടതി



കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. സ്വകാര്യതയെ ബാധിക്കുന്നുവെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ചിനെ സമീപിക്കുമെന്ന് രഞ്ജിനിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമ്മാതാവ് സജിമോന്‍ പാറയിലും അപ്പീല്‍ നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട് പുറത്തുവിടാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണം. ഹേമ കമ്മിറ്റിക്ക് മുന്നില്‍ താനും മൊഴി നല്‍കിയിട്ടുണ്ട്. മൊഴി പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യം പാലിക്കണമെന്നുമായിരുന്നു രഞ്ജിനിയുടെ ആവശ്യം. രഞ്ജിനിയുടെ വാദം നിലനില്‍ക്കുന്നതാണോ എന്നാണ് കോടതി പരിശോധിച്ചത്. രഞ്ജിനിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. തന്റെ മൊഴി പുറത്തുവരരുതെന്ന് രഞ്ജിനി ഹർജി പരിഗണിക്കവെ ഹൈക്കോടതിയില്‍ പറഞ്ഞു. മൊഴി പുറത്തുവരരുതെന്നാണോ റിപ്പോര്‍ട്ട് പുറത്തുവരരുതെന്നാണോ ആവശ്യമെന്ന് കോടതി ചോദിച്ചു. ഇതിന് പിന്നാലെയാണ് ഹർജി തള്ളിയത്.

സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാം എന്നായിരുന്നു സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. ഈ ഉത്തരവ് ചോദ്യം ചെയ്ത് നടനും നിര്‍മാതാവുമായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാം എന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്.

സിംഗിള്‍ ബെഞ്ച് നിലപാടിന് പിന്നാലെ ആഗസ്റ്റ് പതിനേഴിന് രാവിലെ 11ന് റിപ്പോര്‍ട്ട് പുറത്തുവിടും എന്നായിരുന്നു സംസ്‌കാരിക വകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നത്. വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ടിലെ 233 പേജ് കൈമാറാനായിരുന്നു സാംസ്‌കാരിക വകുപ്പിന്റെ തീരുമാനം. എന്നാല്‍ വെള്ളിയാഴ്ച രാത്രിയോടെ നടി രഞ്ജിനി തടസവാദവുമായി സര്‍ക്കാറിനെ സമീപിച്ചതോടെയാണ് റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്. രഞ്ജിനിയുടെ ഹര്‍ജിയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി വി ശനിയാഴ്ച വിവരാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. റിപ്പോര്‍ട്ടര്‍ ടി വി പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് ആര്‍ റോഷിപാല്‍ ആണ് വിവരാവകാശ കമ്മീഷന് പരാതി നല്‍കിയത്. നിയമ തടസ്സമില്ലാത്ത സാഹചര്യത്തില്‍ റിപ്പോര്‍ട്ട് പുറത്ത് വിടണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി.

2019 ഡിസംബര്‍ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

2017 ജൂലൈയിലാണ് ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K