19 August, 2024 05:45:55 PM
ഹേമ കമ്മിറ്റി റിപ്പോർട്ട്: നിയമ നടപടി സ്വീകരിക്കും, സിനിമാ കോൺക്ലേവ് നടത്തും- മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നതിൽ തർക്കമില്ലെന്ന് മന്ത്രി സജി ചെറിയാൻ. രണ്ടുമാസത്തിനകം സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സിനിമ, സീരിയല്‍ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും വിശദമായി ചര്‍ച്ച ചെയ്യും. സിനിമയിലെ എല്ലാ മേഖലയിലെ പ്രതിനിധികളെയും കോണ്‍ക്ലേവില്‍ കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് സർക്കാരിൻ്റെ തലയിൽ കെട്ടിവെയ്ക്കണ്ടതില്ല. ഡബ്ല്യുസിസി (വിമൻ ഇൻ സിനിമാ കളക്ടീവ്) പോലെയുള്ള സംഘടനകൾ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിട്ടുള്ളത്. താന്‍ മന്ത്രിയായി മൂന്നര വർഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
സിനിമ മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ നിലപാട് സുതാര്യമാണ്. സിനിമ-സീരിയൽ രംഗത്ത് ഇടപെടേണ്ടത് അനിവാര്യമായ കാര്യമാണ്. അതിന് മാർഗരേഖ തയ്യാറാക്കുകയാണ് ഇനി ചെയ്യേണ്ടത്. നടിമാരുടെ മൊഴികള്‍ കേട്ട് ഹേമ കമ്മിഷന്‍ ഞെട്ടിയോ എന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം വായിച്ചിട്ടില്ല, ശുപാര്‍ശ മാത്രമാണ് കണ്ടത് എന്നും മന്ത്രി വ്യക്തമാക്കി.