21 August, 2024 06:49:58 PM


മുട്ട പഫ്‌സിനായി ചെലവഴിച്ചത് 3.62 കോടി രൂപ; ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ വീണ്ടും ആരോപണം



ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ വീണ്ടും സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഭരണകക്ഷിയായ ടിഡിപി. ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് മുട്ട പഫ്‌സിനായി 3.62 കോടി രൂപ ചെലവഴിച്ചെന്നാണ് ടിഡിപിയുടെ ആരോപണം. ഇതിനെ ചൊല്ലി ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മില്‍ വാക്‌പോര് മുറുകുകയാണ്.

പ്രതിവര്‍ഷം കണക്കാക്കുകയാണെങ്കില്‍ മുട്ട പഫ്‌സിനായി ശരാശരി ചെലവഴിച്ചത് 72 ലക്ഷം രൂപയാണ്. മുട്ട പഫ്‌സിന്റെ ശരാശരി വില കണക്കിലെടുക്കുകയാണ് പ്രതിദിനം മുഖ്യമന്ത്രിയുടെ ഓഫീസ് 993 മുട്ട പഫ്‌സ് കഴിച്ചതായുള്ള നിഗമനത്തില്‍ എത്തേണ്ടി വരുമെന്നും ടിഡിപി ആരോപിച്ചു. അഞ്ചുവര്‍ഷം കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് 18 ലക്ഷം മുട്ട പഫ്‌സ് വാങ്ങിയതായുള്ള ടിഡിപിയുടെ ആരോപണം ആന്ധ്രാ രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് കളമൊരുക്കിയിരിക്കുകയാണ്.

വൈഎസ്ആര്‍ കോണ്‍ഗ്രസ് സംസ്ഥാനം ഭരിച്ച അഞ്ചു വര്‍ഷ കാലയളവില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മുട്ട പഫ്‌സ് വാങ്ങാനായി 3.62 കോടി രൂപ ചെലവഴിച്ചെന്നാണ് ടിഡിപിയുടെ ആരോപണം. മുന്‍ സര്‍ക്കാരിന്റെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്താന്‍ ടിഡിപി സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ മറ്റൊരു സാമ്പത്തിക ക്രമക്കേട് ആരോപിച്ച് മുട്ട പഫ്‌സ് വിവാദം ഉയര്‍ന്നുവന്നത്.

ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന സമയത്ത് പൊതുപണം ദുരുപയോഗം ചെയ്തതിന്റെ മികച്ച ഉദാഹരണമായാണ് ടിഡിപി ഇത് ഉയര്‍ത്തി കാട്ടുന്നത്. സുരക്ഷാ നടപടികളിലും വ്യക്തിഗത ആവശ്യത്തിന് പ്രത്യേക വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചതിലും ക്രമക്കേട് നടന്നതായുള്ള, ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെയുള്ള ആരോപണങ്ങള്‍ ഇതിനോടകം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വിവാദം ആന്ധ്രാ രാഷ്ട്രീയത്തില്‍ കത്തുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K