23 August, 2024 04:48:52 PM


കോണ്‍ക്ലേവ് എന്തിന്? റിപ്പോർട്ട്‌ വൈകിയത് പോലെ നടപടി വൈകരുതെന്ന് ആനി രാജ



ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാന്‍ ആരുടെയും പരാതിയുടെ ആവശ്യമില്ലെന്ന് സിപിഐ നേതാവ് ആനി രാജ. സമയബന്ധിതമായ നടപടി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവണം. റിപ്പോര്‍ട്ട് വൈകിയത് പോലെ നടപടി വൈകരുതെന്നും ഒരു കേസുമില്ലാതെ പരിഹരിക്കേണ്ട കാര്യങ്ങളുണ്ടെന്നും ആനി രാജ ഡല്‍ഹിയില്‍ പറഞ്ഞു.

കാലതാമസത്തെ ന്യായീകരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ആ പോസ്റ്റുമോര്‍ട്ടത്തിലേക്കല്ല ഇപ്പോള്‍ പോവേണ്ടതെന്ന് ആനി രാജ പ്രതികരിച്ചു. നിലവില്‍ റിപ്പോര്‍ട്ട് പൊതുസമൂഹത്തിന് മുന്നിലുണ്ട്. ആ റിപ്പോര്‍ട്ടില്‍ നടപടികള്‍ വൈകരുത്. എങ്കില്‍ മാത്രമേ ഭാവിയിലും സ്ത്രീകള്‍ക്ക് ഭയരഹിതരായി കടന്നുവരാന്‍ കഴിയൂ. ജോലി സ്ഥലത്തെ സൌകര്യങ്ങള്‍ ഉള്‍പ്പെടെ ഒരു കേസുമില്ലാതെ പരിഹരിക്കേണ്ട കാര്യങ്ങളുണ്ട്. കോണ്‍ക്ലേവ് വിളിച്ച് വേട്ടക്കാരെയും അതിജീവിതകളെയും ഒരുമിച്ചിരുത്തി ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്. കോണ്‍ക്ലേവ് എന്നത് സാമാന്യബുദ്ധിക്ക് മനസ്സിലാകുന്ന കാര്യമല്ലെന്നും ആനി രാജ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K