30 August, 2024 12:19:07 PM


'എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക'; ഔദ്യോഗിക വസതിക്ക് മുന്നിൽ പി.വി.അൻവറിന്‍റെ കുത്തിയിരുപ്പ് സമരം



മലപ്പുറം: മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിന് മുന്നില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ കുത്തിയിരിപ്പ് പ്രതിഷേധം. വലിയ പോസ്റ്റര്‍ ഉള്‍പ്പെടെ സ്ഥാപിച്ചാണ് ക്യാമ്പ് ഓഫീസിന് മുന്നില്‍ എംഎല്‍എ കുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എസ്പി ഓഫീസ് പരിസരത്തെ മരം മുറിച്ചുമാറ്റിയത് പരിശോധിക്കാനെത്തിയ എംഎല്‍എയെ സിപിഒ തടഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കുത്തിയിരിപ്പ്.

ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പാവങ്ങള്‍ക്ക് നിര്‍മ്മിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതി മലപ്പുറം സൂപ്രണ്ട് കരുതികൂട്ടി തടസ്സപ്പെടുത്തുന്നു, അതീവ രഹസ്യമായ പൊലീസിന്റെ വയര്‍ലെസ്സ് സന്ദേശം ചോര്‍ത്തി പ്രക്ഷേപണം ചെയ്ത മറുനാടന്‍ മലയാളി ചാനല്‍ ഉടമ സാജന്‍ സ്‌കറിയയില്‍ നിന്നും രണ്ട് കോടി കൈക്കൂലി വാങ്ങി പ്രതിയെ രക്ഷിച്ച എഡിജിപി എംആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് ജയിലില്‍ അടക്കുക, എസ്പിയുടെ ഓഫീസിലെ മരങ്ങള്‍ മുറിച്ച് കടത്തിയത് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററില്‍ എത്തിയത്.

ഒരു ഭരണപക്ഷ എംഎല്‍എ പൊലീസിനെതിരെ കുത്തിയിരിപ്പ് നടത്തുന്നത് എന്നതാണ് വിചിത്രം. എംഎല്‍എമാര്‍ എല്ലാവരും എംഎല്‍എമാരാണ് അത് ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും. ഉത്തരവാദിത്തം നിറവേറ്റും എന്നാണ് ഇക്കാര്യത്തില്‍ പി വി അന്‍വര്‍ പ്രതികരിച്ചത്. 2021 ല്‍ എസ് സുജിത്ദാസ് മലപ്പുറം എസ്പി ആയിരിക്കെ ക്യാമ്പ് ഹൗസില്‍ നിന്ന് മരങ്ങള്‍ മുറിച്ചുകടത്തിയെന്നാണ് എംഎല്‍എ ആരോപിക്കുന്നത്. മരങ്ങള്‍ മുറിച്ചത് പരിശോധിക്കാന്‍ ഇന്നലെയാണ് ക്യാമ്പ് ഹൗസില്‍ എംഎല്‍എയെ നേരിട്ടെത്തിയത്. എന്നാല്‍ പൊലീസ് തടയുകയായിരുന്നു.

സോഷ്യല്‍ ഫോറസ്റ്റട്രി 56,000 രൂപ വില നിശ്ചയിച്ച മരങ്ങള്‍ ലേലം ചെയ്തത് 20,000 രൂപയ്ക്കാണ്. ലേലം ചെയ്തിട്ടും മരങ്ങള്‍ ആരും കൊണ്ടുപോയില്ല. എന്നാല്‍ മരത്തിന്റെ കാതലായ ഭാഗങ്ങള്‍ കടത്തി. ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മരങ്ങള്‍ കൊണ്ടു പോയതായും പരാതിയില്‍ ആരോപിക്കുന്നു. മുറിച്ചു കടത്തിയത് മഹാഗണി, തേക്ക് മരങ്ങള്‍ ഉപയോഗിച്ച് ഫര്‍ണിച്ചര്‍ പണിത് കടത്തിയെന്നും പരാതിയില്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K