03 September, 2024 11:25:19 AM


യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാര്‍



മലപ്പുറം: അൻവറിന്റെ ആരേപണത്തിന് പിന്നാലെ എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാർ രംഗത്തെത്തി. പൊലീസ് അറസ്റ്റ് ചെയ്ത പ്രതി തന്നെയാണ് കൊലപാതകം നടത്തിയതെങ്കിലും പിന്നിലുള്ളവരെ കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്നാണ് വീട്ടുകാരുടെ ആവശ്യം. യഥാർത്ഥ പ്രതിയല്ല പിടിയിലായതെന്നായിരുന്നു പി വി അൻവർ എം എൽ എ ആരോപിച്ചിരുന്നത്.

എടവണ്ണ ചെമ്പകുത്ത് സ്വദേശി റിദാൻ ബാസിലിനെ കഴിഞ്ഞ വർഷം ഏപ്രിൽ 22നാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു സമീപമുള്ള പുലിക്കുന്ന് മലയിലാണ് മുതദേഹം സഹോദരൻ കണ്ടത്. രണ്ടു ദിവസത്തിനുശേഷം റിദാൻ്റെ സുഹൃത്തായ എടവണ്ണ മുണ്ടേങ്ങര സ്വദേശി കൊളപ്പാടൻ മുഹമ്മദ് ഷാനെ കേസിൽ പൊലിസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഷാനാണ് തലേദിവസം രാത്രി റിദാൻ ബാസിലിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കികൊണ്ടുപോയതെന്നും കൊലപാതകം നടത്തിയത് മുഹമ്മദ് ഷാൻ തന്നെയാണെന്നും വീട്ടുകാർ ഉറപ്പിച്ചു പറയുന്നു. കൊലപാതകത്തിൻറെ കാരണം പൊലീസ് കണ്ടെത്തിയില്ല. മുഹമ്മദ് ഷാനെക്കൊണ്ട് കൊലപാതകം ചെയ്യിച്ചവർ രക്ഷപെട്ടെന്നും വീട്ടുകാർ ആരോപിച്ചു.

റിദാൻ ബാസിലിൻറെ ഭാര്യയെ ഭീഷണിപെടുത്തിയും സമ്മർദ്ദത്തിലാക്കിയും കേസ് വഴി തിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചെന്നും വീട്ടുകാർ ആരോപിച്ചു. റിദാൻ ബാസിൽ നേരത്തെ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായിരുന്നു.ഇത് കള്ളക്കേസാണെന്നും കേസിൽ കുടുക്കിയവർതന്നെയായിരിക്കും കൊലപാതകത്തിനു പിന്നിലെന്നും വീട്ടുകാർ ആരോപിച്ചു. എല്ലാ കാര്യങ്ങളും പുറത്തുവരാൻ സിബിഐ അന്വേഷണം ആവശ്യപെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് മരിച്ച റിദാൻ ബാസിലിൻറെ വീട്ടുകാർ. യഥാർത്ഥ പ്രതിയല്ല പിടിയിലായതെന്നായിരുന്നു പി വി അൻവർ എം എൽ എ ആരോപിച്ചിരുന്നത്. സ്വർണ്ണക്കടത്ത് കേസ് പ്രതികളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അൻവറുയർത്തിയ ആരോപണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K