07 January, 2024 12:17:30 PM
കുസാറ്റ് ദുരന്തം; പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതി ചേർത്ത് പൊലീസ്
കൊച്ചി: കുസാറ്റ് ദുരന്തത്തിൽ പ്രിൻസിപ്പലിനെയും 3 അധ്യാപകരേയും പ്രതിചേർത്തു. മനഃപൂർമല്ലാത്ത നരഹത്യാകുറ്റമാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് പ്രിന്‍സിപ്പലായിരുന്ന ദീപക് കുമാര്‍ സാഹുവിനെ ഒന്നാം പ്രതിയാക്കി. ടെക് ഫെസ്റ്റിന്‍റെ ചുമതലക്കാരായ ഗിരീഷ് കുമാരന്‍ തമ്പി, വിജയ് എന്നിവരാണ് മറ്റ് പ്രതികൾ.
സര്‍വകലാശാല അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അധ്യാപകരെ പ്രതിചേര്‍ത്തത്. ഇതുവരെ നടന്ന അന്വേഷണത്തില്‍ ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിനൊപ്പമാണ് അധ്യാപകരേയും പ്രതിചേര്‍ത്തുള്ള റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
2023 നവംബര്‍ 25നാണ് കുസാറ്റില്‍ അപകടമുണ്ടായത്. ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ത്ഥികള്‍ അടക്കം നാലുപേരാണ് മരിച്ചത്. സംഭവത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ക്രോഡീകരിച്ചാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.