05 December, 2024 09:03:51 AM


പുഷ്പ 2 റിലീസിനിടെ തിക്കും തിരക്കും; ഒരു സ്ത്രീ മരിച്ചു, 2 പേരുടെ നില ​ഗുരുതരം



ഹൈ​ദരാബാദ്: അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് ​ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ രേവതി (39) എന്ന സ്ത്രീയാണ് മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേർക്കാണ് ​ഗുരുതര പരിക്കേറ്റത്.

പ്രീമിയർ ഷോയ്ക്കിടെയാണ് ​ദാരുണ സംഭവം. ഷോ കാണാൻ നായകനായ അല്ലു അർജുൻ എത്തുമെന്നു വിവരം ലഭിച്ചതോടെ തിയേറ്റർ പരിസരത്തേക്ക് ജനക്കൂട്ടം ഒഴുകിയെത്തി. തിരക്കേറിയതോടെ ആളുകൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. അതിനിടയിൽ‌പ്പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേർ ബോധംകെട്ടു വീണു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

മരിച്ച സ്ത്രീ ഭർത്താവിനും 7, 9 വയസുള്ള കുട്ടികൾക്കുമൊപ്പമാണ് സിനിമ കാണാൻ എത്തിയത്. ഇതിൽ ഒരു കുട്ടിയുടെ നിലയാണ് ​ഗുരുതരമായത്. തിക്കിലും തിരക്കിലും പെട്ട് സ്ത്രീ വീണു പോയി. ഇവർക്ക് പൊലീസ് എത്തി സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K