16 January, 2024 12:27:31 PM


സര്‍ക്കാര്‍ വാക്ക് പാലിച്ചു; കുട്ടിക്കര്‍ഷകര്‍ക്ക് മികച്ചയിനം 5 പശുക്കളെ കൈമാറി മന്ത്രി ചിഞ്ചുറാണി



ഇടുക്കി: വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകര്‍ക്ക്  നല്‍കിയ വാക്ക് പാലിച്ച് സര്‍ക്കാര്‍. അഞ്ച് പശുക്കളെ കൂടി കൈമാറി. ഉയര്‍ന്ന ഉല്‍പ്പാദനശേഷിയുള്ള എച്ച്എഫ് വിഭാഗത്തില്‍പ്പെട്ട പശുക്കളെയാണ് നല്‍കിയത്. പശുക്കള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. 

മന്ത്രി ചിഞ്ചുറാണി നേരിട്ട് എത്തിയാണ് മികച്ചയിനം പശുക്കളെ സഹോദരങ്ങള്‍ക്ക് കൈമാറിയത്. ഇതിന് പുറമേ മില്‍മ വാഗ്ദാനം ചെയ്ത 45,000 രൂപയും കേരള ഫീഡ്‌സിന്റെ ഒരു മാസത്തെ കാലിത്തീറ്റയും കൈമാറി. കപ്പ തൊണ്ട് കഴിച്ചതിനെ തുടര്‍ന്നായിരുന്നു കുട്ടികര്‍ഷകരുടെ 13 പശുക്കള്‍ ചത്തത്. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച കുട്ടിയാണ് മാത്യു.

13 പശുക്കള്‍ ഒരുമിച്ച് ചത്തത് അവിചാരിതമായ സംഭവമാണെന്ന് മന്ത്രി ചിഞ്ചുറാണി പ്രതികരിച്ചു. പശുവിനെ വളര്‍ത്താന്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള ഇടുക്കി ജില്ലയില്‍ ഇത്തരമൊരു സംഭവം ഉണ്ടായത് ആശങ്കകള്‍ക്കിടയാക്കി. കുട്ടി കര്‍ഷകന്‍ മാത്യൂ ബെന്നിക്ക് തുടക്കം മുതല്‍ക്കേ പിന്തുണ നല്‍കിയിരുന്നു. ഇപ്പോള്‍ നല്‍കിയിരിക്കുന്ന എച്ച് എഫ് ഇനത്തിലെ പശുക്കള്‍ 15 ലിറ്റര്‍ വരെ പാല്‍ ലഭിക്കാവുന്നവയാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രവുമായി ചേര്‍ന്ന് സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതി ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K