18 January, 2024 03:46:43 PM
കൊടും കുറ്റവാളിയെ പോലെയാണ് പൊലീസ് വീട്ടില്‍ വന്ന് തന്നെ അറസ്റ്റ് ചെയ്തത്- രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: കൊടും കുറ്റവാളിയെ പോലെയാണ് പൊലീസ് വീട്ടില്‍ വന്ന് തന്നെ അറസ്റ്റ് ചെയ്തത്, സമരവുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. അറസ്റ്റ് ചെയ്ത രീതിയിലായിരുന്നു പ്രശ്‌നമെന്ന് പറഞ്ഞ അദ്ദേഹം, തിരിച്ചു കിട്ടുന്നത് പിണറായിയും സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്ന സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും വ്യക്തമാക്കി.
നോട്ടീസ് പോലും തരാതെയാണ് തന്നെ അറസ്റ്റ് ചെയ്തത്. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തന്റെ അറസ്റ്റ്. മെഡിക്കല്‍ രേഖ വ്യാജമെന്ന ആരോപണം തെളിയിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ താന്‍ വെല്ലുവിളിക്കുകയാണ്. രേഖ വ്യാജമെന്ന് തെളിയിച്ചാല്‍ മാപ്പ് പറയാം. അല്ലെങ്കില്‍ എംവി ഗോവിന്ദന്‍ മാപ്പ് പറയുമോ? തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ പരിശോധനക്കിടെ ആര്‍എംഒയുടെ സാന്നിധ്യമുണ്ടായിരുന്നു. കോടതി വിശദമായ പരിശോധന നിര്‍ദ്ദേശിച്ചിട്ടും തന്റെ ബിപി മാത്രമാണ് നോക്കിയത്. രക്തസമ്മര്‍ദ്ദം 160 ഉണ്ടായിട്ടും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഫിറ്റ് എന്നാണ് രേഖപ്പെടുത്തിയതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.