18 January, 2024 05:03:40 PM
ഇലക്ട്രിക് ബസ് വേണ്ട; നിലവിലെ ടിക്കറ്റ് നിരക്കായ 10 രൂപ തുടരില്ല- മന്ത്രി ഗണേഷ്
തിരുവനന്തപുരം: ഇലക്‌ട്രിക്ക് ബസുകളില്‍ നിലവിലെ ടിക്കറ്റ് നിരക്കായ 10 രൂപ തുടരില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. വന്ദേ ഭാരതില്‍ വില കുറഞ്ഞ ടിക്കറ്റില്‍ അല്ലല്ലോ യാത്രയെന്ന കുറ്റപ്പെടുത്തിയ മന്ത്രി സർക്കാരിന് നഷ്ടവും വരുന്ന ഒരു പരിപാടിയും ചെയ്യില്ലെന്നും വ്യക്തമാക്കി.
കെഎസ്‌ആർടിസിയെ രക്ഷിക്കാൻ ചിലവ് കുറക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് വ്യക്തമാക്കിയാണ് മന്ത്രി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കെഎസ്‌ആർടിസിക്ക് വലിയ ബാധ്യതയായ ഇലക്‌ട്രിക് ബസുകള്‍ ഇനി വാങ്ങില്ല. ഒരു ഇലക്‌ട്രിക് ബസ് വാങ്ങുന്ന തുകക്ക് കുറഞ്ഞത് നാല് ബസ് വാങ്ങാനാകും.
ഇലക്‌ട്രിക് ബസ് ദീർഘദൂര സർവീസുകള്‍ക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതിനാല്‍ കെഎസ്‌ആർടിസി ഇനി ഇലക്‌ട്രിക് ബസുകള്‍ വാങ്ങില്ലെന്നും മന്ത്രി പറഞ്ഞു.അതെസമയം ജീവനക്കാർക്ക് ശമ്പളം കൃത്യമായി കൊടുക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പദ്ധതി പ്രാവർത്തികമായാല്‍ മൂന്ന് മാസത്തിനകം ശമ്പള പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിയുമായി ചർച്ചക്കെത്തിയ തൊഴിലാളി യൂണിയനുകളും പരിഷ്‌കാരങ്ങളെ പിന്തുണച്ചു.