24 January, 2024 10:43:24 AM


കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; കണ്ടെത്തിയ സ്ഥലത്തിന് ബിസിസിഐ അംഗീകാരം



കൊച്ചി: നെടുമ്പാശ്ശേരിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഒരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ. സ്ഥലം കണ്ടെത്തി ഭൂ ഉടമകളുമായി ധാരണയിൽ എത്തിയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജയേഷ് ജോർജ് പറഞ്ഞു. സ്റ്റേഡിയത്തിന്റെ രൂപരേഖ കെ.സി.എ സർക്കാരിന് മുമ്പിൽ സമർപ്പിച്ചു. ഒരു വർഷം കൊണ്ട് സ്റ്റേഡിയം നിർമ്മാണം പൂർത്തിയാക്കാനാണ് കെ.സി.എയുടെ ആലോചന.കൊച്ചിയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിച്ച് പുതിയൊരു സ്പോർട്സ് സിറ്റിയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ വിഭാവനം ചെയ്യുന്നത്. സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ടുള്ള പ്രാരംഭഘട്ടം കഴിഞ്ഞു. നെടുമ്പാശ്ശേരിയിൽ കണ്ടെത്തിയ ഭൂമിക്ക് ബി.സി.സി.ഐയുടെ അംഗീകാരം ലഭിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജയേഷ് ജോർജ് പറഞ്ഞു.

മറ്റു നടപടികളുമായി കെ.സി.എ മുന്നോട്ടുപോവുകയാണ്. സ്റ്റേഡിയം നിർമാണത്തിനായി 750 കോടിയോളം രൂപയാണ് കെ.സി.എ ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷത്തോടെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന് ക്രിക്കറ്റ് അസോസിയേഷൻ വിലയിരുത്തുന്നു.കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ കരാർ കാലാവധി കഴിയാനിരിക്കെ 33 വർഷത്തേക്ക് കൂടി നീട്ടിനൽകണമെന്ന് കെ.സി.എ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോട് സർക്കാർ അനുകൂല സമീപനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.സി.എ ഭാരവാഹികൾ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K