09 April, 2025 08:59:06 AM


പ്ലാറ്റ്‌ഫോമില്‍ വീണ ഭക്ഷണപ്പൊതികള്‍ വന്ദേഭാരത് ട്രെയിനില്‍ വിതരണം ചെയ്യാന്‍ ശ്രമം



എറണാകുളം: താഴെ വീണ ഭക്ഷണപ്പൊതികള്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് നല്‍കാന്‍ ശ്രമം. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസ് ചൊവ്വാഴ്ച വൈകിട്ട് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. സ്‌റ്റേഷനില്‍ നിന്ന് ട്രെയിനിലേക്ക് കയറ്റാനിരുന്ന ഭക്ഷണം നിറച്ച ട്രേകള്‍ മറിഞ്ഞ് പ്ലാറ്റ്‌ഫോമിലേക്ക് വീണു. ഇത്തരത്തിൽ നിലത്തുവീണ ഭക്ഷണപ്പൊതികളില്‍ മിക്കതും തുറന്നുപോവുകയും ചിലതില്‍ നിന്ന് ഭക്ഷണം താഴെ വീഴുകയും ചെയ്തു. എന്നാല്‍ ഭക്ഷണം മലിനമാകാനുളള സാധ്യത വകവെയ്ക്കാതെ ജീവനക്കാര്‍ അത് വീണ്ടും ട്രേകളില്‍ നിറച്ച് ട്രെയിനില്‍ കയറ്റുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ വിവരം ട്രെയിനിലുളള ജീവനക്കാരെ അറിയിക്കുകയും റെയില്‍ മദദ് പോര്‍ട്ടലില്‍ പരാതിപ്പെടുകയുമായിരുന്നു. ഭക്ഷണം നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് പകരം ഭക്ഷണം നല്‍കാമെന്ന് ജീവനക്കാര്‍ ഉറപ്പുനല്‍കിയതായാണ് വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K